നടൻ നെടുമുടി വേണു മരിച്ചു, കരച്ചിലടക്കാനാകാതെ സഹതാരങ്ങളും, ആരാധകരും….
എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങൾ ഇത്ര മികച്ച ഒരു നടൻ ഇനി മലയാള സിനിമയിലില്ല, തിലകനും, നെടുമുടിവേണുവും മലയാള സിനിമയുടെ പെരുന്തച്ചന്മാരായിരുന്നു ആദ്യം നമുക്ക് തന്റേടിയായ തിലകനെ നഷ്ടപ്പെട്ടു ഇപ്പോഴിതാ മരണം നെടുമുടി വേണുവിനെ കൂടി കൊണ്ടുപോയിരിക്കുന്നു, രാജാവായും, തെരുവോരക്കാരനായും വേഷപ്പകർച്ചയിൽ ഒന്നാം നിരയിൽ തന്നെയായിരുന്നു എന്നും നെടുമുടി വേണു അദ്ദേഹമിതാ തൻ്റെ എഴുപത്തിമൂന്നാം വയസിൽ വിടവാങ്ങിയിരിക്കുന്നു എങ്ങനെ സഹിക്കുമെന്നറിയാതെ താരങ്ങളും ആരാധകരും, വിടവാങ്ങുന്നത് ചലച്ചിത്രരംഗത്തെ വിവിധ മേഖലകളില്‍ തിളങ്ങിയ അതുല്യപ്രതിഭ. നാടന്‍ പാട്ടിലും കഥകളിയിലും നാടകത്തിലും മൃദംഗത്തിലും കഴിവുതെളിയിച്ച കലാകാരന്. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു, 2003ല്‍ പ്രത്യേക പുരസ്കാരവും മികച്ച നടനുള്ള സംസ്ഥാന അവാർഡ് രണ്ടുവട്ടം നേടി (1981, 2003). ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം. അഭിനയ ജീവിതത്തിലെ അഞ്ചു ദശകങ്ങള്‍, അഞ്ഞൂറിലധികം വേഷങ്ങള്‍. നായകനായും വില്ലനായും സഹ നടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പില്‍ കഥാപാത്രങ്ങളെ എക്കാലവും മലയാളി ഓർത്തെടുക്കുന്ന വ്യക്തിത്വങ്ങളാക്കി മാറ്റി നെടുമുടി വേണു. ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്കൂള്‍ അധ്യാപകനായിരുന്ന പി.കെ. കേശവന് പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില് ഇളയ മകനായി 1948 മെയ് 22-നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്. നെടുമുടിയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ബാല്യകാലം മുതല്‍ തന്നെ വായനയോടും എഴുത്തിനോടും അതിയായ താല്പര്യം ഉണ്ടായിരുന്ന നെടുമുടി വേണു നാടകങ്ങള്‍ എഴുതുമായിരുന്നു. സ്കൂളിലും നാട്ടിലും സുഹൃത്തുക്കള്‍ക്കൊപ്പം നാടകം അവതരിപ്പിച്ചിരുന്നു. വിദ്യാഭ്യാസകാലത്ത് മറ്റു സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതിന് ശേഷം അരവിന്ദന്, പത്മരാജന്, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. നെടുമുടി വേണു എന്ന സിനിമാനടന്റെ ഉദയകാലമായിരുന്നു അത്. 1978-ല്‍ അരവിന്ദന് സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. തുടര്‍ന്ന് ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമാക്കി. പത്മരാജന്റെ ഒരിടത്തൊരു ഫയല്വാന് നെടുമുടി വേണുവിന്റെ കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനു നാന്ദിയായി. മലയാളത്തിലെ തിരക്കേറിയ സഹനടന്മാരില് ഒരാളായി മാറാന്‍ വേണുവിന് കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല. സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി. ദൂരദര്ശന് പ്രതാപകാലത്ത് ടെലിവിഷന്‍ പരമ്പരകളിലും നെടുമുടി സജീവമായി. ഗൗരവമേറിയ കഥാപാത്രങ്ങളും ഹാസ്യവേഷങ്ങളും ഒരുപോലെ വഴങ്ങുന്ന അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളാണ് നേടുമുടി. നാടകക്കളരികള്‍ മലയാള സിനിമയ്ക്കും സമ്മാനിച്ച കലാകാരന്മാരില് ഒരാള്‍കൂടി കാലയവനികയ്ക്കുള്ളില്‍ മറയുകയാണ്. തനതുനാടകപ്പാട്ടുകളും മൃദംഗവും നാടന്‍ശീലുകളും കൊണ്ട് സമ്പന്നനായിരുന്നു നെടുമുടിവേണു എന്ന പ്രതിഭ. 1990-ല്‍ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടി. 2003- ല്‍ പുറത്തിറങ്ങിയ മാര്‍ഗം എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. ഭരതന് സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, മാര്‍ഗം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കി, വിശ്വസിക്കാൻ കഴിയുന്നില്ല വിശ്വസിച്ചല്ലേ മതിയാവു സ്വർഗം പൂകിയ നെടുമുടിവേണുവിന് ആദരാഞ്ജലികൾ FC