മമ്മുട്ടിയും മോഹന്‍ലാലും എങ്ങനെ കരയാതെ ഇരിക്കും.ഈ മരണത്തില്‍ രണ്ട് പേര്‍ക്കും.
മലയാള സിനിമയില്‍ സൂപ്പര്‍ഹിറ്റുകളുടെ ഇടിമുഴക്കം സൃഷ്ടിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു.63 വയസ്സായിരുന്നു.ദേശീയ അവാര്‍ഡ് നേടിയ സംവിധായകനുമായിരുന്നു.വൈകീട്ട് ഏറ്റുമാനൂര്‍ പേരൂര്‍ ജവാഹര്‍ നഗര്‍ റോസ് വില്ല വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞ് വീണ ഉടനെ കാരിത്താസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3ന് ചെറുവാണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍.
നിറക്കൂട്ട്,രാജാവിന്റെ മകന്,ന്യൂ ഡല്‍ഹി,ഭൂമിയിലെ രാജാക്കന്മാര്,ശ്യാമ,കോട്ടയം കുഞ്ഞച്ചന്,ആകാശദൂത്,നായര്‍ സാബ്,സംഘം,നമ്പര്‍ 20 മദ്രാസ് മെയില്‍ തുടങ്ങി കരുത്തേറിയ തിരക്കഥകളിലൂടെ 1980കളിലും 90 കളിലും മെഗാഹിറ്റുകളുടെ നിരതന്നെ ഒരുക്കിയ ഡെന്നിസ് സംവിധായകനെന്ന നിലയിലും ശ്രദ്ധേയനായി.ഉജ്ജ്വല കഥാപാത്ര സൃഷ്ടിയിലൂടെ തീ പാറുന്ന ഡയലോഗുകളിലൂടെയും മമ്മുട്ടിയെയും മോഹന്‍ലാലിനെയും സൂപ്പര്‍ താരം പദവിയിലേക്ക് ഉയര്‍ത്തുന്നതില്‍ ഡെന്നിസിന്റെ തൂലിക വഹിച്ച പങ്ക് വളരെ വലുതാണ്.മികച്ച ബാലചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മനു അങ്കിളും അഥര്‍വ്വം,തുടര്‍ക്കഥ,അപ്പു,അഗ്രജന് എന്നിവയുമാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.
സംവിധായകന് ജോഷിയോടൊപ്പം മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയഡെന്നിസിന് ഒരു കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം ഉള്ള തിരക്കഥാകൃത്ത് എന്ന പേര് കൂടി ഉണ്ട്.
കോട്ടയം കുറവിലങ്ങാട് ദേവമാതാ കോളേജില്‍ നിന്നു കെമിസ്ട്രിയില്‍ ബിരുദം നേടിയ അദ്ദേഹം വിദ്യാര്‍ത്ഥി ജീവിതകാലഘട്ടത്തില്‍ തന്നെ കഥകളെഴുതിയിരുന്നു.കട്ട് കട്ട് എന്ന മാസികയില്‍ സബ് എഡിറ്ററായ അദ്ദേഹം ജേസി സംവിധാനം ചെയ്ത ‘ഈറന്‍ സന്ധ്യ’എന്ന ചിത്രത്തിലൂടെ 1985ലാണ്തിരക്കഥാകൃത്തായത്.തുടര്‍ന്ന് രചിച്ച നിറക്കൂട്ട് സൂപ്പര്‍ഹിറ്റായതോടെ മലയാള സിനിമയില്‍ സാന്നിധ്യമുറപ്പിച്ചു.
1986ല്‍ പുറത്തിറങ്ങിയ ‘രാജാവിന്റെ മകന്’ മോഹന്‍ലാലിനെ സൂപ്പര്‍ താര പദവിയിലേക്കുയര്ത്തിയെങ്കില് 1987ലെ ‘ന്യൂഡല്‍ഹി’ മമ്മുട്ടിയുടെ തിരിച്ചുവരവിന് കലമൊരുക്കി. അന്‍പതോളം ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി. നടന് ജോസ് പ്രകാശിന്റെയും നിര്‍മ്മാതാവും നടനുമായ പ്രേം പ്രകാശിന്റെയും സഹോദരി ഏലിയാമ്മ ജോസഫിന്റെ മകനാണ്.ഭാര്യ ലീന ഡെന്നിസ്,മക്കള്‍ എലിസബത്ത്,റോസി,ജോസ്.
ആദര്ഞ്ജലികളോടെ ഫിലീം കോര്‍ട്ട്.