അമ്മയുടെ മരണം കണ്ണീരുണങ്ങാതെ നടി ഊര്‍മിള ഉണ്ണി… അമ്മയോളം നോവു നല്‍കുന്നത് ഒന്നുമില്ല…..
അമ്മയോളം ശക്തി ഒന്നിനുമില്ലെന്ന് അറിയാത്തവരായി ആരുമില്ല.. ഇല്ലാതാകുമ്പോള്‍ വിടവ് മനസിലാകും.. ആ അവസ്ഥയില്‍ നാലുവര്‍ഷമായി കഴിയുന്ന നടി ഊര്‍മിള ഉണ്ണി തന്റെ അമ്മയുടെ വേര്‍പാടിന്റെ വേദനയില്‍ കുറിക്കുന്നു, കഴിഞ്ഞ പിറന്നാളിന് ഉത്തര എനിക്കൊരു തുന്നല്‍ മെഷീന് വാങ്ങി തന്നു. മെഷീന് വിശേഷതകളുള്ളതും വില കൂടിയതുമാണ്. എങ്കിലും അമ്മ എനിക്കു തന്ന പഴയ മെഷീന് കൊടുത്തതാണ് ചെറിയൊരു വിഷമം. അത് മെഷീനില്ലാത്ത ഒരു പാവം തുന്നല്ക്കാരന് ഉപയോഗമായി എന്നതൊരു സമാധാനം.
ആ പഴയ മെഷീന് 60 വര്‍ഷം പഴക്കമുണ്ട്. അച്ഛന് അമ്മയ്ക്ക് ആദ്യം വാങ്ങിക്കൊടുത്ത സമ്മാനമാണത്രേ. അച്ഛനാണ് അമ്മയുടെ ഗുരു. എല്ലാ വെട്ടു കഷ്ണങ്ങള്‍ കൊണ്ടും അവര്‍ തുന്നി പഠിച്ചു. എനിക്കും ചേച്ചിക്കും ധാരാളം പുതിയ ഉടുപ്പുകള്‍ അമ്മ തുന്നിത്തന്നു.
എനിക്ക് 5 വയസ്സുള്ളപ്പോഴാണ് പാവക്കുട്ടിക്ക് ഒരു ഉടുപ്പു തുന്നണം എന്ന മോഹം ആദ്യമായി തോന്നിയത്. മെഷീന്റെ അടുത്തിരുന്ന ഒരു വെള്ളത്തുണി വെട്ടികുത്തി എടുത്തു തുന്നാന്‍ തുടങ്ങി. സൂചി കയ്യില്‍ കൊണ്ട് എന്റെ അലര്‍ച്ചകേട്ട് അമ്മ ഓടി വന്നു. ചേച്ചിയുടെ യൂണിഫോമിനു വെട്ടിവച്ച തുണിയാണ് ഞാന്‍ നശിപ്പിച്ചത്. മാത്രമല്ല സ്വയമേയുള്ള പരീക്ഷണവും. അമ്മ എന്നെ ഒന്നു പിച്ചി. അത് ആദ്യത്തേതും അവസാനത്തേതുമായിരുന്നു. പിന്നൊരിക്കലും അമ്മ എന്നെ നോവിച്ചിട്ടില്ല. വൈകാതെ അമ്മ എനിക്ക് തുന്നല്‍ പഠിപ്പിച്ചു തന്നു. തോര്‍ത്തിന്റെ വക്കടിക്കാനും സാരിക്കു ഫോള്‍ തുന്നാനുമൊക്കെ. തുന്നുമ്പോഴൊക്കെ അമ്മ എന്നെക്കൊണ്ട് പാട്ടു പാടിക്കും. ജാനകിയമ്മയുടെ പഴയ പാട്ടുകള്‍. അമ്മ മാത്രമെ എന്നെക്കൊണ്ട് പാട്ട് പാടിക്കാറുള്ളു. കാരണം ഞാനൊരു പാട്ടുകാരിയല്ല എന്ന സത്യം എനിക്കും അമ്മയ്ക്കും മാത്രം അറിയില്ലായിരുന്നു. അമ്മയുടെ മരണശേഷം ആ പഴയ തുന്നല്‍ മെഷീന് ഞാന്‍ എറണാകുളത്തെ വീട്ടില്‍ കൊണ്ടുവന്നു. കാഴ്ചയില്‍ പഴകിയെന്നേയുള്ളു, തുരുമ്പെടുത്തെങ്കിലും അതിപ്പോഴും നല്ല കണ്ടീഷനിലാണ്. ”എത്ര പഴകിയാലും ഈ വീട്ടില്‍ ഒന്നും കളയില്ല, എല്ലാത്തിനും സെന്റിമെന്റ്സ് പറഞ്ഞോണ്ടിരിക്കും”- ഈ കാര്യത്തില്‍ അഛനും മകള്‍ക്കും എന്നെ പറ്റി ഒരേ അഭിപ്രായമാണ്. പലകയും ചക്രവും പെഡലും ഒന്നുമില്ലാത്ത പുതിയ വെളുത്ത മെഷീന് വീട്ടിലെത്തിയപ്പോള്‍ ഒരാള്‍ക്ക് തുന്നാന്‍ ഒരു മെഷീന് പോരേ എന്ന് എനിക്കു തന്നെ തോന്നി. നൂലു കോര്‍ക്കാന്‍ ഇരുന്നപ്പോള്‍ അമ്മ പറഞ്ഞു തന്നത് തെറ്റിച്ചില്ല. ‘തൊട്ടു നെറുകയില്‍ വെച്ചിട്ടേ തുടങ്ങാവൂ. അച്ഛനേം അമ്മേം മനസ്സില്‍ ധ്യാനിച്ചു. എന്നിട്ട് പതുക്കെ വിളിച്ചു ‘അമ്മേ ….! മറുവിളി കേള്‍ക്കാതെ അവിടെ നിറയുന്ന ശൂന്യതയുണ്ടല്ലോ, അത് അമ്മയെ നഷ്ടപ്പെട്ടവര്‍ക്കു മാത്രമെ അറിയൂ. നികത്താനാവാത്ത വേദന എന്നാണ് കുറിച്ചത്. FC