80 വയസ്സ് 50 ലേറെ വര്‍ഷങ്ങള്‍ സിനിമയില്‍.. അമിതാഭ് ബച്ചന് ഇന്ത്യയുടെ അഭിമാനം..
ഒന്നും ആകില്ലെന്ന് പലരും പറഞ്ഞു പല രീതിയിലുള്ള ചവിട്ടിത്താഴ്ത്തലുകള്‍ നടന്നു പക്ഷെ കാലം അമിതാഭിനായി മാറ്റിവെച്ചത് തിരിച്ചറിയാന്‍ ആര്‍ക്കും കഴിഞ്ഞില്ല…
1942 ഒക്ടോബര്‍ 11ന് പ്രശസ്ത കവി ഹരിവംശ് റായ് ബച്ചന്റെ മകനായാണു ജനനം. ആദ്യപുത്രനു പിതാവ് കണ്ടുവച്ച പേര് ഇന്‍ക്വിലാബ്, അമ്മ വിളിച്ചതു മുന്നയെന്ന്. ഹരിവംശ് റായിയുടെ സുഹൃത്ത് കവി സുമിത്രാനന്ദന്‍ അമിതാഭ് എന്ന പേര് നിര്‍ദേശിച്ചു. നിലയ്ക്കാത്ത ശോഭയെന്ന് അര്‍ഥമുള്ള പേര് ബച്ചന്റെ കാര്യത്തില്‍ തീര്‍ത്തും ശരിയായി. ആദ്യ ചവടുവെപ്പ് ഉത്തരാഖണ്ഡിലുള്ള നൈനിറ്റാളിലെ റെഷര്വുഡ് കോളജില്‍ നാടകം അവതരിപ്പിച്ച് അഭിനയ ജീവിതത്തിന്റെ തുടക്കം. തൊട്ടടുത്തവര്‍ഷം നാടകത്തിനായി തയ്യാറെടുത്തപ്പോള്‍ അഞ്ചാം പനി ബച്ചനെ തളര്‍ത്തി. നിരാശയുടെ പടുകുഴിയില്‍ നിന്ന് അദ്ദേഹത്തെ പിടിച്ചുയര്ത്തിയതു പിതാവിന്റെ സ്നേഹപൂര്‍ണമായ ഉപദേശങ്ങള്‍.
ആദ്യ പരാജയം ഡല്‍ഹിയിലെ കോളജ് വിദ്യാഭ്യാസത്തിനു ശേഷം ആകാശവാണിയില്‍ അനൗണ്‍സറുടെ ജോലിക്കു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ശബ്ദവും ഉച്ചാരണവും പ്രക്ഷേപണയോഗ്യമല്ല എന്ന വിലയിരുത്തലിലായിരുന്നു ഇത്. 1962ല്‍ ഐസിഐ കമ്പനിയിലേക്കു നടന്ന അഭിമുഖത്തിലും പരാജയപ്പെട്ടു. 500 രൂപ ശമ്പളത്തില്‍ ബേഡ് ആന്‍ഡ് കമ്പനിയില്‍ ലഭിച്ച ജോലിയാണ് ബച്ചന്റെ ജീവിതത്തിലെ ആദ്യജോലി. ആദ്യം സിനിമയ്ക്കു പിന്നില്‍ നല്ല ശബ്ദമല്ല എന്ന് ആകാശവാണി ഉദ്യോഗസ്ഥരുടെ പഴികേട്ട ബച്ചനു തന്റെ ശബ്ദം തന്നെയാണു സിനിമയില്‍ ആദ്യം രക്ഷയായത്.
1969ല്‍ ഇതിഹാസ സംവിധായകന് മൃണാള്‍ സെന്‍ സംവിധാനം ചെയ്ത ഭുവന്‍ഷോമെ എന്ന സിനിമയില്‍ പശ്ചാത്തല വിവരണം ഒരുക്കിയത് അദ്ദേഹമാണ്. (പിന്നീട് സത്യജിത് റേയുടെ സിനിമകള്‍ക്കും ശബ്ദം നല്കി). 1969ല്‍ സാഥ് ഹിന്ദുസ്ഥാനിയില്‍ വേഷമിട്ടു കൊണ്ട് സിനിമയില്‍ അരങ്ങേറ്റം. പിന്നീട് ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
ആദ്യ ചിത്രത്തിനു ലഭിച്ച പ്രതിഫലം 3000 രൂപ. ഒരു നായകന് ജനിക്കുന്നു പ്രകാശ് മെഹ്റയുടെ സഞ്ജീര്‍ (1973) എന്ന സിനിമയില്‍ നിന്ന് അന്നത്തെ നായകന്മാരില് പലരും പിന്മാറി. നെഗറ്റീവ് ടച്ചുള്ള റോളാണു നായക കഥാപാത്രത്തിനുള്ളത് എന്നതായിരുന്നു കാരണം. ഈ റോള്‍ ധൈര്യപൂര്‍വം ബച്ചന് ഏറ്റെടുത്തു. ഇന്ത്യന്‍ സിനിമയുടെ കിരീടംവയ്ക്കാത്ത ചക്രവര്‍ത്തിയുടെ അരിയിട്ടുവാഴ്ചയായിരുന്നു അത്.
‘പുറത്താക്കിയ’ ജയ, ജയ ഭാദുരിയെ ആദ്യം കാണുന്നതു മോഹന്‍ സ്റ്റുഡിയോസില്വച്ച്, ഗുഡ്ഡി എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍. ഗുഡ്ഡിയില്‍ നായകനായി നിശ്ചയിച്ചിരുന്നതു ബച്ചനെ. എന്നാല്‍ പരിചിതമായ മുഖമല്ല തന്റെ നായകനുവേണ്ടത് എന്ന് സംവിധായന് ഹൃഷികേശ് മുഖര്‍ജി തീരുമാനിച്ചതോടെ ബച്ചനു നിരാശയോടെ പിന്‍വാങ്ങേണ്ടിവന്നു. അന്നു ജയയാണ് തന്നെ പുറത്താക്കാന്‍ പ്രേരിപ്പിച്ചതെന്നു ബച്ചന് പലപ്പോഴും തമാശയായി പറയാറുണ്ട്. 1973ല്‍ ഇരുവരും വിവാഹിതരായത് മറ്റൊരു ചരിത്രം..
എണ്‍പതുകള്‍ കടക്കുമ്പോഴും വാര്‍ധക്യം ബാധിക്കാത്ത അഭിനയവും പ്രകടനവുമായി ബച്ചന് ഇവിടെയുണ്ട്. ക്യാമറയ്ക്കു മുന്നിലും പിന്നിലും സിനിമാ കുടുംബത്തിന്റെ ഗൃഹനാഥന്റെ റോളിലും തന്റെ മാത്രം ശൈലികള്‍കൊണ്ടും കാഴ്ചപ്പാടുകള്‍കൊണ്ടും ബച്ചന് എന്നും വാര്‍ത്തകളില്‍ നിറയുന്നു. കാലങ്ങളൊരുപാടായിരിക്കുന്നു. ഇതിനിടെ വസന്തം വന്നു, വസന്തത്തെ ഒഴുക്കി മഴ വന്നു, കൊടുങ്കാറ്റും പേമാരിയും വന്നു. കാലം കാത്തുവച്ച അഗ്നിപരീക്ഷണങ്ങളൊന്നും അമിതാഭ് ബച്ചന് എന്ന പ്രതിഭാസത്തെ തെല്ലും ഏശിയില്ല. പ്രകാശവേഗത്തില്‍ ചലിക്കുന്ന പുതിയകാലത്തിലും ബോളിവുഡ് എന്നാല്‍ പലര്‍ക്കും അമിതാഭ് ആണ്… ആരാധകരുടെ പ്രിയപ്പെട്ട ബിഗ്ബി. ഞങ്ങളും നേരുന്നു ഇന്ത്യയുടെ ഇതിഹാസത്തിന് ജന്മദിനാശംസകള്. FC