പ്രേം നസീറിന്റെ വീട് ‘ലൈല കോട്ടേജ്’ വില്പനയ്ക്ക്, നിത്യഹരിതം ഇനിയില്ല…..

നിത്യഹരിത നായകന് പ്രേംനസീറിന്റെ ജന്മനാട്ടിലെ മേല്വിലാസമായിരുന്ന ‘ലൈല കോട്ടേജ്’ വില്പനയ്ക്ക്. 1956 ല്‍ ചിറയിന്‍കീഴ് കൂന്തള്ളൂരില്‍ നസീര്‍ മകള്‍ ലൈലയുടെ പേരില്‍ നിര്‍മ്മിച്ച സ്വപ്നഗൃഹം അമേരിക്കയിലുള്ള അവകാശികളാണ് വില്ക്കാന് തയ്യാറെടുക്കുന്നത്. പ്രേംനസീറിന്റെ ഇളയ മകള്‍ റീത്തയുടെ മകള്‍ രേഷ്മയുടെ ഉടമസ്ഥതയിലാണ് 50 സെന്റിലുള്ള പഴയ ‘കൊട്ടാരം’. ചിറയിന്‍കീഴിലെ ആദ്യത്തെ ഇരുനില മന്ദിരം ചലച്ചിത്ര നിര്‍മ്മാതാവ് പി.സുബ്രഹ്മണ്യത്തിന്റെ ചുമതലയിലാണ് നിര്‍മ്മിച്ചത് .
ദേശീയപാതയില്‍ കോരാണിയില്‍ നിന്നു ചിറയിന്‍കീഴിലേക്കുള്ള പാതയോരത്ത് ഇരുനിലയില്‍ 8 കിടപ്പുമുറികളുമായി തലയെടുപ്പോടെ നില്ക്കുന്ന വീടിനും വസ്തുവിനും കോടികള്‍ വിലവരും. ഭാര്യ ഹബീബ ബീവി, മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവര്‍ക്കൊപ്പം നസീര്‍ താമസിച്ചിരുന്നത് ഈ വീട്ടിലാണ്. ഏറെക്കാലമായി പൂട്ടിയിട്ട വീട് ജീര്‍ണിച്ചു തുടങ്ങി. വാതിലുകളും ജനാലകളും ചിതല് കയറി ദ്രവിച്ചു. വീട്ടുവളപ്പില്‍ വള്ളിപ്പടര്‍പ്പുകളും കുറ്റിക്കാടുകളും വളര്‍ന്ന നിലയിലാണ്. ‘പ്രേം നസീര്‍’ എന്നെഴുതിയ നെയിംബോര്‍ഡ് മാത്രം ഒളിമങ്ങാതെ ഭിത്തിയിലുണ്ട്.
നസീര്‍ വിടപറഞ്ഞിട്ട് 30 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും വീടന്വേഷിച്ചു വരുന്നവരുടെ എണ്ണം കുറവല്ലെന്നതിന് സ്പന്ദിക്കുന്ന സ്മരണകള്‍ സാക്ഷ്യം. പൂട്ടിയിട്ട ഗേറ്റിനു മുന്നില്‍ നിന്നു സെല്‍ഫിയെടുത്തു മടങ്ങുന്നവര്‍ ഇപ്പോഴുമുണ്ട്. മഹാനടന്റെ ജന്മനാട്ടിലെ ഓര്‍മയുടെ തുരുത്ത് നിലനിര്‍ത്താന്‍ സര്‍ക്കാരിന്റെ നടപടികള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയും മങ്ങിത്തുടങ്ങി. വീടും സ്ഥലവും വില നല്കി സര്‍ക്കാര്‍ ഏറ്റെടുത്തു സ്മാരകമാക്കണമെന്ന ആവശ്യവും എങ്ങുമെത്തിയില്ല. FC