കോഴിക്കോട്ടെ ഒട്ടനവധി തിയേറ്ററുകളുടെ ഉടമയായ ജോസഫ് പുതിയ തിയേറ്റര്‍ നോക്കുമ്പോള്‍ കാല്‍തെറ്റി വീണുമരിച്ചു…
മുക്കത്തെ അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമ തൃശ്ശൂരില്‍ അപകടത്തില്‍ മരിച്ചു. കിഴുക്കാരകാട്ട് കെ.ഒ. ജോസഫ് എന്ന അഭിലാഷ് കുഞ്ഞൂഞ്ഞ് ആണ് മരിച്ചത് 74 വയസ്സായിരുന്നു. എറണാകുളത്ത് നിന്ന് മടങ്ങിവരവേ സുഹൃത്തിന്റെ ചങ്ങരംകുളത്തെ മാര്‍സ് അവന്യൂ ബില്‍ഡിങ് കാണാനായി ഇറങ്ങിയതായിരുന്നു. ഇതിനിടെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ചൊവ്വാഴ്ച രാത്രി 9 : 45 ഓടെയാണ് അപകടം നടന്നത്, അപകടത്തില്‍ അദ്ദേഹത്തിന് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇപ്പോഴും തൃശൂര്‍ അമല ഹോസ്പിറ്റലിലാണ് ഉള്ളത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ബുധനാഴ്ച രാത്രി ഏഴുമണിക്ക് മുക്കത്തെ വീട്ടില്‍ എത്തിക്കും. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2:30 ന് മുക്കം സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.
കോഴിക്കോട് മുക്കത്ത് അഭിലാഷ് തിയേറ്റര്‍ സ്ഥാപിച്ചാണ് അദ്ദേഹം ഈ രംഗത്തേക്ക് പ്രവേശിച്ചത്. മുക്കത്തെ തിയേറ്ററുകള്‍ കൂടാതെ കോഴിക്കോട് നഗരത്തിലെ കോറണേഷന്‍ മള്‍ട്ടിപ്ലക്സ് തിയേറ്റര്‍, റോസ് തിയേറ്ററുകള്‍ എന്നിവയിലായി എട്ടോളം സ്ക്രീനുകളും കെ.ഒ. ജോസഫിന്റേതായുണ്ട്. തിയേറ്ററുകളില്‍ നൂതന പ്രൊജക്ഷന്, ശബ്ദവിന്യാസ സംവിധാനങ്ങള്‍ ഒരുക്കാന്‍ ജോസഫ് ശ്രദ്ധപുലര്‍ത്തിയിരുന്നു. കോഴിക്കോട്ടെ സിനിമാസ്വാദകരുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു ജോസഫ്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. ആദരാഞ്ജലികളോടെ FC