ഗായകന് പീര്‍ മുഹമ്മദ് വിടവാങ്ങി… മൂന്ന് നക്ഷത്രങ്ങള്‍ ആകാശത്തിലായി വലിയനഷ്ടം…..
ആദ്യം വിടപറഞ്ഞത് എരഞ്ഞോളി മൂസ, ശേഷം വി എം കുട്ടി, ഇപ്പോഴിതാ പീര്‍മുഹമ്മദും, ഈ മൂന്നുപേരും ഇല്ലാതായത് മാപ്പിളപ്പാട്ടു ആസ്വാദകര്‍ക്ക് കനത്ത നഷ്ടമാണ്
പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന് പീര്‍ മുഹമ്മദ് വിടവാങ്ങുമ്പോള്‍ അദ്ദേഹത്തിന് 75 വയസാണ്. കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാണ് മരണത്തിന് കാരണം. മുന്‍പ് ഏറെ നാളായി പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു. നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകളുടെ സ്രഷ്ടാവായിരുന്ന പീര്‍ മുഹമ്മദ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.
തെങ്കാശിയില്‍ ജനിച്ച പീര്‍ മുഹമ്മദ് പിതാവിനൊപ്പം തലശ്ശേരിയിലേക്ക് വരികയായിരുന്നു. നാലാം വയസ്സുമുതല്‍ പാട്ടുകള്‍ പാടാന്‍ തുടങ്ങി. ഏഴാം വയസ്സില്‍ അദ്ദേഹത്തിന്റെ പാട്ട് ആദ്യമായി റെക്കോഡ് ചെയ്തു. പീര്‍ മുഹമ്മദിന്റേതായി പതിനായിരത്തിലധികം പാട്ടുകള്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. നിരവധി മാപ്പിളപ്പാട്ട് ഗാനമേളകള്‍ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനായ വി.എം. കുട്ടിയുമൊത്ത് വേദി പങ്കിട്ട് നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പൂങ്കുയിലിനെ കണ്ഠനാളത്തില്‍ ഒളിപ്പിച്ച വ്യക്തിയെന്നാണ് വൈലോപ്പിള്ളി പീര്‍ മുഹമ്മദിനെ വിശേഷിപ്പിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ജനത ട്രൂപ്പില്‍ അംഗമായിരുന്ന പീര്‍ മുഹമ്മദ് പിന്നീട് തലശേരിയില്‍ സ്വന്തമായി ട്രൂപ്പ് ആരംഭിച്ചു. ഒട്ടകങ്ങള്‍ വരിവരി വരിയായ് , കാഫ് മല കണ്ട പൂങ്കാറ്റേ, അനര്‍ഘ മുത്തുമാല എടുത്തു കെട്ടി, മലര്‍കൊടിയേ ഞാനെന്നും, തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഇദ്ദേഹത്തിന്റേതാണ്.
എന്തിനേറെപ്പറയുന്നു അദ്ദേഹം ആലപിച്ച എല്ലാ ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളാണ്, പീര്‍ മുഹമ്മദ് പാടിയ പാട്ടുകളേറെയും കോഴിക്കോടുള്ള മില്ലേനിയും ഓഡിയോസിന്റെ കൈവശത്തിലാണുള്ളത്, മില്ലേനിയം ഓഡിയോസ് ഡയറക്റ്റര്‍ സജി മില്ലേനിയം പീര്മുഹമ്മതിനോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ ഗാനങ്ങളുടെ ഒരു ലൈബ്രറി തന്നെ തുടങ്ങിയിരുന്നു. അതില്‍ സ്നേഹപൂര്‍വ്വം പീര്‍മുഹമ്മദ് എന്ന 101 പാട്ടുകളടങ്ങിയ MP3 പതിനായിരക്കണക്കിനാണ് ഇറക്കിയിരുന്നത്.
എ.ടി. ഉമ്മറിന്റെ സംഗീതത്തില്‍ അന്യരുടെ ഭൂമി എന്ന സിനിമയില്‍ ‘കോടി ചെന്താമരപ്പൂ വിരിയിക്കും പീലിക്കണ്ണാല്‍…’എന്ന ഗാനവും, കെ. രാഘവന്റെ സംഗീതത്തില്‍ തേന്‍തുള്ളി എന്ന സിനിമയില്‍ ‘നാവാല് മൊഴിയുന്നേ…’ എന്നീ സിനിമാഗാനങ്ങളും പാടി. ഒട്ടകങ്ങള്‍ വരി വരിയായ്, കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയവ പ്രശസ്ത ഗാനങ്ങള്‍. 1976ല്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ദൂരദര്‍ശനില്‍ ചെന്നൈ നിലയത്തില്‍ അവതരിപ്പിച്ച പ്രതിഭകൂടിയാണ് പീര്‍ മുഹമ്മദ്,
പ്രശസ്ത മാപ്പിളപ്പാട്ട് ഗാനരചയിതാവ് ബാപ്പു വെള്ളിപ്പറമ്പ് അനുസ്മരിക്കുന്നതിങ്ങനെ ദൈവം നിയോഗിച്ചത് മറ്റുള്ളവരെ പാട്ടുകള്‍ പാടി ആസ്വാദനത്തിന്റെ വഴിയിലൂടെ സഞ്ചരിപ്പിക്കാനായിരുന്നു അത് ഭംഗിയായി ചെയ്തു. അതുകൊണ്ടു അംഗീകാരങ്ങളും, അവാര്‍ഡുകളും വാരികൂട്ടിയില്ല, ഓച്ഛാനിച്ചു നിന്ന് ഒന്നും നേടിയെടുക്കരുതെന്ന വാശിയും, ഉത്തമ ബോധ്യവും ഉള്ള ആളായിരുന്നു പീര്‍ മുഹമ്മദ്, എന്റെ പാട്ടുകള്‍ കൂടുതല്‍ പാടിയിട്ടില്ല പക്ഷേ ഞങ്ങള്‍ ഗള്‍ഫ് നാടുകളിലും അല്ലാതെയും ഒട്ടനവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചു, ആ ബന്ധവും ബഹുമാനവും മരണം വരെ കാത്തുസൂക്ഷിച്ചു എന്നാണ്. സ്വര്‍ഗം പൂകിയ പീര്‍മുഹമ്മദ് അവര്‍കള്‍ക്ക് ആദരാഞ്ജലികള്‍. FC