പ്രിയം സിനിമയിലെ കുഞ്ചാക്കോയുടെ നായിക ഇപ്പോള്‍ എവിടെയാണെന്നറിയാമോ…..
പ്രിയം എന്ന കുഞ്ചാക്കോ ബോബന് ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി പിന്നീട് സിനിമാരംഗത്ത് നിന്നും അപ്രത്യക്ഷയായ താരമാണ് ദീപ നായര്‍.ഒരൊറ്റ ചിത്രത്തിലൂടെ നടി നിരവധി ആരാധകരെയും സ്വന്തമാക്കി.ഇപ്പോഴിത ദീപയെ കുറിച്ച് ദര്‍ശരാജ് ആര് സൂര്യ എന്ന ആരാധകനെഴുതിയ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.കുറിപ്പിങ്ങനെയാണ്.-
‘ഇന്നത്തെ ചിത്രഗീതത്തില്‍ ഇനി ഒരു പാട്ട് കൂടി കാണിക്കുമോ? ഇപ്പോള്‍ തന്നെ സമയം 8 മണിയോടടുക്കുന്നു.8 കഴിഞ്ഞാല്‍ പിന്നെ നിന്ന നില്പ്പില് മലയാളക്കര ഭൂതല സംപ്രേഷണവുമായി ഡല്‍ഹിയിലോട്ട് പാലായനം ചെയ്യുന്ന നൊസ്റ്റു രാത്രികള്‍….
സംഭവം, എന്റെ പേര് ദൂര”ദര്ശന്’ചാനലില്‍ നിന്നും അടിച്ചുമാറ്റിയതൊക്കെ ഞാന്‍ സമ്മതിക്കുന്നു.എന്നാലും ഈ ചിത്രഗീതത്തിന്റെ ഇടയിലെ പരസ്യം നിങ്ങള്‍ ദൂരദര്‍ശന്‍കാര്‍ക്ക് ഇച്ചിരി കൂടുതലാ!!! അപ്പോഴാണ് രാത്രി ഒരു 7.51 ആയപ്പോള്‍ ബിജുമേനോന് ചേട്ടനും സംയുക്ത ചേച്ചിയും കൂടി മഴയിലെ പാട്ടിന് വേണ്ടി മഴയത്തിറങ്ങി കെട്ടിപിടിക്കാന്‍ വന്നത്.ഇത് കണ്ടതും മാതാശ്രീ കലി കൊണ്ട് ഉറഞ്ഞുതുള്ളി.
ഞങ്ങള്‍ 90 ലെ ചെക്കന്മാരുടെ മിക്ക അമ്മമാരും ‘ഉണ്ണിയെ കണ്ടോ ഉണ്ണിയെ കണ്ടോ’ടൈപ്പ് കവിയൂര്‍ പൊന്നമ്മയൊന്നും അല്ല.അവര്‍ മിക്കപ്പോഴും മേലേപറമ്പിലെ ആണ്‍വീട്ടിലെ ഭാനുമതി അമ്മയെ പോലെ തനി നാട്ടിന് പുറത്തെ പ്രതീകം ആയിരിക്കും.’പോയിരുന്ന് രണ്ട് അക്ഷരം പഠിക്കടാ ചെറുക്കാ.എപ്പോള്‍ നോക്കിയാലും ടിവിയുടെ മുമ്പില്‍ കണ്ണ് അടിച്ച് പോവുകയേ ഉള്ളൂ.മഴയത്തെ കെട്ടിപിടുത്തം ഇപ്പോഴൊന്നും തീരില്ല എന്ന് കണ്ടതും ബുക്കും പറക്കി ഞാന്‍ നേരെ തെക്കേ പുരയിലോട്ട് വിട്ടു.ശേഷം അവിടെ ഇരുന്ന് തിങ്കളാഴ്ചത്തേക്കുള്ള ഹോം വര്‍ക്ക് ചെയ്യാന്‍ തുടങ്ങി.കൂട്ടിന് ‘കൊച്ചു തുമ്പിയും കൂട്ടുകാരും’.
അന്തകാലത്ത് പാവങ്ങളുടെ ‘ലേബര്‍ ഇന്‍ഡ്യ’ ആയിരുന്നു ഈ പറഞ്ഞ കൊച്ചുതുമ്പിയും കൂട്ടുകാരും.അപ്പോഴാണ്് ചിത്രഗീതം തീരാന്‍ വെറും മിനിറ്റുകള്‍ മാത്രം ശേഷിക്കെ,കട്ടുറുമ്പിന്റെ കല്ല്യാണം കൂടാന്‍ ചാക്കോച്ചനും പിള്ളേരും,കൂടെ ഒരു ചേച്ചിയും വന്നത്. നോ ബാളില്‍ ഔട്ട് ആയി മടങ്ങുന്ന ബാറ്റ്സ്മാനെ അമ്പയര്‍ തിരികെ വിഴിക്കും പോലെ മാതാശ്രീ എന്നെ തിരിച്ചു വിളിച്ചു.വന്നിരുന്ന് കാണൂ.
ഉള്ളത് പറയാലോ ആ പാട്ടില്‍ ചാക്കോച്ചനുള്പ്പെടെ അഞ്ച് പേരുണ്ടായിരുന്നു.എങ്കിലും എന്റെ കണ്ണ് ഉടക്കിയത് ആടിപാടി നടന്ന അതിലെ ചേച്ചിയില്‍ തന്നെ.പുള്ളിക്കാരി അവാര്‍ഡുകള്‍ വാരികൂട്ടിയ നായികയോ എല്ലാം തികഞ്ഞ അഭിനയതത്രിയോ സൗന്ദര്യത്തിന്റെ പര്യായമോ ആയ വീനസ്സിന്റെ രണ്ടാം ജന്മമൊന്നുമല്ല.പക്ഷെ എഴുതി അറിയിക്കാന്‍ പറ്റാത്ത എന്തൊ ഒന്ന് ആ നായികയില്‍ ഞാന്‍ കണ്ടു.കല്ല്യാണം കഴിക്കുകയാണെങ്കില്‍ പ്രിയത്തിലെ നായികയെ അല്ലെങ്കില്‍ ഒളെ പോലെ ഒരുവളെ എന്ന് മനസ്സില്‍ റബ്ബറില്ലാത്ത പെന്‍സില്‍ കൊണ്ട് വരച്ചിട്ടത് പോലെ.പോരാഞ്ഞിട്ട് വീട്ടുകാരായിട്ട് കാണിച്ച് തന്നതും.അന്നും ഇന്നും എനി എന്നും ഇഷ്ടനായിക ആരെന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം ദീപ നായര്‍ എന്ന് മാത്രമാണ്.ചാച്ചന്റെ സ്വന്തം ആനി. എസ് എസ് എല്‍ സി പരീക്ഷ കാരണം പ്രിയം സിനിമ ചെയ്യാന്‍ ആവാതെ പോയ കാവ്യക്ക് ഈ അവസരത്തില്‍ നന്ദി.സ്വന്തം നാട്ടുകാരിയായിരുന്നിട്ടും ഇന്നെവരെ നേരില്‍ കാണാന്‍ സാധിച്ചിട്ടില്ല.നിലവില്‍ പുള്ളിക്കാരി ഒാസ്ട്രേലിയയില്‍ ഭര്‍ത്താവ് രാജീവിനും മക്കളോടുമൊപ്പം സുഖമായി ജീവിക്കുന്നു.
പ്രിയം എന്ന ഒറ്റ സിനിമ ദീപനായര് എന്ന അഭിനയത്രിക്ക് നേടി കൊടുത്ത റെയ്ഞ്ച് എന്താണെന്ന് ചോദിച്ചാല്‍ അതിനുത്തരം പ്രിയം സിനിമയുടെ യൂടൂബ് കമന്റ്സ് തന്നെ.നാടോടിക്കാറ്റില്‍ തിലകന് ചേട്ടന് പെട്ടിതുറന്ന് എവിടെ ഡോളര്‍ എവിടെ എന്ന് ചോദിക്കും പോലെ ഏവര്‍ക്കും അറിയേണ്ടത് ഒന്ന് മാത്രം പ്രിയത്തിലെ നായിക ഇപ്പോള്‍ എവിടെയാണ്.എന്റെ കെട്ട്യോള് ഈ പോസ്റ്റ് വായിക്കില്ല എന്ന വിശ്വാസത്തോടെ അതിനുത്തരം ഞാന്‍ നല്‍കും.ലേബര്‍ ഇന്‍ഡ്യ വാങ്ങാനാണെന്നും പറഞ്ഞ് 2000ആണ്ടിലെ മാര്‍ച്ച് മാസത്തില്‍ വീട്ടില്‍ നിന്നും പൈസവാങ്ങി ആറ്റിങ്ങള്‍ സ്റ്റാന്റില്‍ പോയി ദീപയുടെ മുഖചിത്രമുള്ള മനോരമ വാങ്ങി.ആകാശം കാണിക്കാതെ പുസ്തകത്തിനുള്ളില്‍ മയില്‍ പീലി വെക്കുംപോലെ ആ കളര്‍ ഫോട്ടോ ഇന്നും എന്റെ ആറാം ക്ലാസ്സിലെ മലയാള പുസ്തകത്തിന്റെ 17ാം പേജിന്റെ അകത്തുണ്ട്. റൂമും ഷെല്‍ഫും ചോദിക്കണ്ട പറയൂല.2000ത്തിലാണ് പ്രിയം റിലീസാകുന്നത് തിരുവനന്തപുരം സ്വദേശിയായ ദീപ നായര്‍ എഞ്ചിനീയറിങ് പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.സിനിമ കഴിഞ്ഞതോടെ പഠനം പൂര്‍ത്തീകരിക്കാന്‍ പോയ ദീപക്ക് പിന്നീട് തിരിച്ചുവരാനായില്ല.പഠനത്തിന് നല്കിയ ചെറിയ ബ്രേക്കില്‍ പ്രിയത്തില് അഭിനയിച്ചു.പഠനശേഷം ദീപക്ക് ഇന്‍ഫോസിസില്‍ ജോലി ലഭിച്ചു.വിവാഹശേഷം ഓസ്ട്രേലിയയിലെ സെല്ബണിലാണ് ദീപ ഇപ്പോള്‍.
ഫിലീം കോര്‍ട്ട്.