മരിച്ച നടന് പുനീതിന്റെ കണ്ണുകള്‍ നാലുപേര്‍ക്ക്, താരം നോക്കിയ 1800 കുട്ടികളെ ഇനി നടന് വിശാല്‍ നോക്കും
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന പുനീത് രാജ്കുമാറിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ കരകയറാന്‍ സിനിമാ മേഖലയ്ക്ക് ആയിട്ടില്ല. പ്രത്യേകിച്ചും കന്നഡ സിനിമാ മേഖല. ഇപ്പോഴിതാ പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് തമിഴ് നടന് വിശാല്‍ വിശാലിന്റെ പുതിയ ചിത്രമായ ‘എനിമി’യുടെ പ്രീ റിലീസ് പരിപാടിയിലാണ് താരം ഇക്കാര്യം അറിയിച്ചത്. ‘പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇന്‍ഡസ്ട്രിയുടെ മാത്രമല്ല സമൂഹത്തിന് തന്നെ തീരാനഷ്ടമാണ്. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ അദ്ദേഹം ഏറ്റെടുത്തിരുന്നു. അതു ഞാന്‍ തുടരുമെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുകയാണ്. അദ്ദേഹത്തിന് വേണ്ടി അവരുടെ വിദ്യാഭ്യാസം ചെലവ് ഞാന്‍ ഏറ്റെടുക്കും. സാമൂഹിക പ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തു. ഞാനും അതു തുടരും’, എന്നാണ് വിശാല്‍ പറഞ്ഞത്. വരുമാനത്തിന്റെ നിശ്ചിതഭാഗം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ച താരമായിരുന്നു പുനീത്. കൊവിഡ് ആദ്യതരംഗത്തിന്റെ സമയത്ത് കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത്. വടക്കന്‍ കര്‍ണ്ണാടകയിലെ പ്രളയത്തിന്റെ സമയത്ത് ഇതേ നിധിയിലേക്ക് 5 ലക്ഷവും നല്കി. നടന് എന്നതിനൊപ്പം അനുഗ്രഹീതനായ ഗായകനുമായിരുന്നു അദ്ദേഹം. ഗായകന് എന്ന നിലയില്‍ തനിക്കു ലഭിക്കുന്ന പ്രതിഫലം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം തീരുമാനം എടുത്തിരുന്നു. ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നല്കുന്ന നിരവധി കന്നഡ മീഡിയം സ്കൂളുകള്‍ ഉണ്ടായിരുന്നു. മൈസൂരിലെ ശക്തി ധാന ആശ്രമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അമ്മയ്ക്കൊപ്പം സജീവമായിരുന്നു അദ്ദേഹം. കൂടാതെ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ നാല് പേര്‍ക്ക് കാഴ്ച്ചയേകും. മൂന്ന് പുരുഷന്മാര്ക്കും ഒരു സ്ത്രീയ്ക്കുമാണ് പുനീതിന്റെ കണ്ണുകള്‍ വെളിച്ചമേകിയത്.നാരായണ നേത്രാലയ ആശുപത്രിയില്‍ കോര്‍ണിയ ആന്‍ഡ് റിഫ്രാക്ടീവ് വിഭാഗം മേധാവി ഡോ.ലോഹിത് ഷെട്ടിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. 2 കോര്‍ണിയയിലെയും പാളികള്‍ രണ്ടായി വേര്‍തിരിച്ചെടുത്താണ് രോഗികളില്‍ വച്ച് പിടിപ്പിച്ചത്. നാരായണ നേത്രാലയയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോ.രാജ്കുമാര് നേത്രബാങ്കുകള്‍ മുഖേനയാണ് കണ്ണുകള്‍ ദാനം ചെയ്തത്. 2006ല്‍ രാജ്കുമാറിന്റെയും 2017ല്‍ ഭാര്യ പര്‍വതമ്മയുടെയും കണ്ണുകള്‍ ദാനം ചെയ്തിരുന്നു. പുനീതിന്റെ മരണം പാവപ്പെട്ടവര്‍ക്ക് കനത്ത നഷ്ടമാണ് FC