മലയാള സിനിമക്ക് കെ.ടി.എസ്.പടന്നയിലിനെയും നഷ്ടമായി – ആ വിടര്‍ന്ന ചിരി മാഞ്ഞു.
അതൊരു ചിരിയായിരുന്നു.അഞ്ച് തവണ നിര്‍ത്താതെ ഹഹഹഹഹ എന്ന് ഉച്ചത്തില്‍ പറഞ്ഞാല്‍ കെ.ടി.എസ് പടന്നയില്‍ എന്ന ആ സൗമ്യനായ നടന്റെ ചിരിയായി.ആ ചിരിയും ഇന്ന് പുലര്‍ച്ചെ മാഞ്ഞിരിക്കുന്നു.
6ാം ക്ലാസ്സിലെ പഠിത്തം അവസാനിപ്പിച്ച സുബ്രഹ്മണ്യന് കൂലിപണിക്കാരനായിരുന്ന കൊച്ചുപടന്നയില്‍ തായിയുടെയും കയര്‍ തൊഴിലാളിയായ മാണിയുടെയും ആറ് മക്കളില്‍ ഇളയവനായിരുന്നു.ക്ലാസ്സില്‍ 5 സുബ്രഹ്മണ്യന്മാര് ഉണ്ടായതിനാല്‍ ക്ലാസ്സ് മാസ്റ്റര്‍ കുര്യനാണ് കെ ടി എസ് പടന്നയില്‍ എന്ന പേര് സമ്മാനിച്ചത്.12ാം വയസ്സ് മുതല്‍ ചെയ്യാത്ത ജോലികളില്ല.തെങ്ങിന് തൊണ്ടും മടലും എണ്ണിയിട്ടും കല്ലും മണ്ണും ചുമന്നും,കരിങ്കല്ല് പൊട്ടിച്ചും ജീവിതയാത്ര തുടര്‍ന്നു.മാതാപിതാക്കള്‍ക്ക് ജോലിയെടുക്കാന്‍ വയ്യാതായതോടെ കെ ടി എസ് പടന്നയിലിന്റെ 22ാം വയസ്സില്‍ കുടുംബനാഥനായി.അഭിനയകമ്പം തലക്ക് പിടിച്ചെങ്കിലും മുന്നൂറ് രൂപക്ക് സ്വന്തമാക്കിയ ഒരു പെട്ടിക്കടയുണ്ട് തൃപ്പൂണിത്തുറ കണ്ണം കുളങ്ങരയില്‍ പുലര്‍ച്ചെ എഴുന്നേറ്റ് രണ്ട് കിലോമീറ്റര്‍ നടന്ന് അവിടെയെത്തി അന്നത്തിന് വകയുണ്ടാക്കും.ഒപ്പം നാടകവും. 21ാം വസ്സില്‍ കണ്ണംകുളങ്ങര അംബേദ്കര്‍ ചര്‍ക്ക ക്ലാസ്സില്‍ നൂല്‍നൂല്‍പ്പ് ജോലിക്കിടെ കേരള പിറവി ആഘോഷവുമായി ബന്ധപ്പെട്ട് സ്വന്തമായി സംവിധാനം ചെയ്ത ‘വിവാദ ദല്ലാല്’എന്ന നാടകത്തിലെ നാടകവേഷം ചെയ്തതായിരുന്നു കലാരംഗത്തേക്കുളള അരങ്ങേറ്റം .അവിടെ തുടങ്ങിയ അദ്ദേഹം പിന്നെ ജയഭാരത് നൃത്തകലാലയം,ചങ്ങനാശ്ശേരി ഗീത,വൈക്കം മാളവിക,ആറ്റിങ്ങല്‍ ഐശ്വര്യ.കൊല്ലം ട്യൂണ അദ്ദേഹം നാടകം കളിക്കാത്ത ട്രൂപ്പുകളോ കേരളത്തില്‍ കളിക്കാത്ത വേദികളോ ഇല്ല.
രാജസേനന് എന്ന കുടുംബ ഹിറ്റ് സിനിമകളുടെ തമ്പുരാനാണ് കെ ടി എസ് പടന്നയലിനെ അനിയന് ബാവ ചേട്ടന് ബാവ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തിക്കുന്നത്.ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ ഏറ്റെടുത്ത കെ ടി എസ് പടന്നയലിന് എന്ന താരം വൃദ്ധന്മാരെ സൂക്ഷിക്കുക,ത്രീമെന്‍ ആര്‍മി,കളമശ്ശേരിയില്‍ കല്ല്യാണ യോഗം,ആദ്യത്തെ കണ്മണി,,കാക്കക്കും പൂച്ചക്കും കല്ല്യാണം,സ്വപ്നലോകത്തെ ബാലഭാസ്ക്കരന്,കോട്ടപ്പുറത്തെ കൂട്ടുകുടുംബം,ദില്ലിവാല രാജകുമാരന്,അമ്മ അമ്മായിയമ്മ,മേഘസന്ദേശം,ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം,കുഞ്ഞി രാമായണം,അമര്‍ അക്ബര്‍ അന്തോണി,വാമനപുരം ബസ്റൂട്ട്,ബ്ലാക്ക് ഡാലിയ,കഥാനായകന്,കിംഗ് ലയര്‍,മലബാര്‍ വെഡ്ഡിംഗ്,രക്ഷാധികാരി ബൈജു,മിന്നല്‍ മുരളി തുടങ്ങി നൂറിനടുത്ത സിനിമകളിലും തേനും വയമ്പും,കുട്ടികളെ ഒരു കഥപറയാം,തട്ടീം മുട്ടീം,പകിടപകിട പമ്പരം,സന്മനസ്സുള്ളവര്ക്ക് സമാധാനം,തുടങ്ങി നിരവധി ടെലിവിഷന്‍ പരമ്പരകളിലും ഈ കലാകാരന് അഭിനയിച്ചു.പല്ലില്ലാത്ത മോണകാട്ടിയുള്ള ആ ചിരി മാഞ്ഞു.35ാം വയസ്സിലാണ് വിവാഹിതനായത്.ഭാര്യ രമണി.നാല് മക്കള്‍ 3 ആണും ഒരു പെണ്ണും ശ്യാം,സ്വപ്ന,സന്നന്‍,സാല്ജ്യന്.സിനിമയില്‍ നിന്നും ഒന്നും സമ്പാദിക്കാന്‍ കഴിയാതെയിരുന്ന കെ ടി എസ് പടന്നയില്‍ ആ പെട്ടിക്കടയില്‍ നിന്ന് തന്നെയായിരുന്നു എല്ലാം കണ്ടെത്തിയത്.ശരീരം മാത്രമേ ഇവിടം വിടുകയുള്ളൂ.എന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാകും ഈ അനുഗ്രഹീത കലാകാരന്….ആദരാഞ്ജലികളോടെ …..
ഫിലീം കോര്‍ട്ട്.