ഗായിക സന്ധ്യ വിടവാങ്ങി, ഹൃദയാഘാതമാണ് മരണകാരണം.. നല്ലപാട്ടുകാരിയും പോയി…..
പതിറ്റാണ്ടുകള്‍ പാടി, പാടിയത് പതിനായിരക്കണക്കിന് പാട്ടുകള്‍, പഴയ തലമുറയും പുതിയ തലമുറയും ഏറ്റുപാടുന്ന സന്ധ്യ മുഖര്‍ജി ഗാനങ്ങള്‍ മാത്രം ബാക്കിയായി, അവര്‍ വിടവാങ്ങി.
പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി അന്തരിച്ചു 90 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അവര്‍ക്ക് ഹൃദയാഘാതമാണ് മരണകാരണമായത്. കൊവിഡ് ബാധയെത്തുടര്‍ന്ന് ജനുവരി അവസാന വാരം സന്ധ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
അര്‍ഹതപ്പെട്ട പത്മശ്രീ പുരസ്കാരം തട്ടിത്തെറിപ്പിച്ച് സന്ധ്യ മുഖര്‍ജി കഴിഞ്ഞ മാസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സന്ധ്യ പുരസ്കാരം നിരസിക്കുകയാണെന്ന വിവരം മകള്‍ സൗമി സെന്‍ഗുപ്തയാണ് മാധ്യമങ്ങളെ അറിയിച്ചത്. ബംഗാളി സംഗീത രംഗത്ത് പതിറ്റാണ്ടുകളായി നിറസാന്നിധ്യമായി നില്ക്കുന്ന അമ്മയ്ക്ക് 90-ാം വയസ്സില്‍ ഈ പുരസ്കാരം നല്‍കുന്നത് അനാദരവായി തോന്നിയതിനാലാണ് നിരസിച്ചതെന്നും മകള്‍ വിശദീകരിച്ചിരുന്നു. ഇതിന് മുന്‍പ് രാജ്യം ഭരിച്ചവര്‍ മറന്നുപോയ സന്ധ്യക്ക് നരേന്ദ്രമോദി സര്‍ക്കാരായിരുന്നു പത്മശ്രീ പുരസ്കാരം നല്‍കിയിരുന്നത്.
പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന പുരസ്കാരമായ ബംഗ ബിഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ആളാണ് സന്ധ്യ മുഖര്‍ജി. അറുപതുകളിലും എഴുപതുകളിലും ചലച്ചിത്ര പിന്നണിഗാനരംഗത്തെ ശ്രദ്ധേയ സാന്നിധ്യങ്ങളിലൊന്നായിരുന്നു സന്ധ്യ മുഖര്‍ജി. ബംഗാളിയില്‍ ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള അവര്‍ മറ്റു ഭാഷകളിലും പാടിയിട്ടുണ്ട്. പ്രശസ്ത ഗായകനായ ഹേമന്ദ മുഖര്‍ജിക്കൊപ്പമുള്ള യുഗ്മഗാനങ്ങള്‍ ആസ്വാദകര്‍ ഏറെ ആഘോഷിച്ചവയാണ്.
1970ല്‍ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സൗണ്ട് ഓഫ് മ്യൂസിക്കിന്റെ റീമേക്ക് ആയ ജയ് ജയന്തി എന്ന ചിത്രത്തിലെ ആലാപനത്തിനായിരുന്നു ഇത്. കണ്ണീര്പൂക്കളോടെ പ്രണാമം FC