വസ്ത്രം കുറഞ്ഞെന്ന് കളിയാക്കല്‍, സഹികെട്ട് നടി ദീപിക ചെയ്തത്…..

വസ്ത്രങ്ങളുടെ പേരില്‍ സദാചാര ആക്രമണത്തിന് ഇരയാകുന്നവരില്‍ സെലിബ്രിറ്റികളെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ല. ഇപ്പോഴിതാ ബോളിവുഡ് താരം ദീപിക പദുക്കോണും ഔട്ട്ഫിറ്റിന്റെ പേരില്‍ ട്രോളുകള്‍ നേരിട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ഫ്രെഡി ബേഡി എന്നയാളാണ് ദീപികയ്ക്കെതിരെ വിമര്‍ശനവുമായെത്തിയത്.
ഗെഹരായിയാന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദീപിക ധരിച്ച വസ്ത്രമാണ് വിമര്‍ശനത്തിന് കാരണമായത്. ഗെഹരായിയാന്റെ റിലീസ് അടുക്കുന്നതിന് അനുസരിച്ച് വസ്ത്രങ്ങളും ചെറുതാകും എന്നാണ് ഫ്രെഡി ദീപികയുടെ ഔട്ട്ഫിറ്റിനെപറ്റി കുറിച്ചത്. ബോളിവുഡിലെ ‘ന്യൂട്ടണ്‍ നിയമം’ എന്ന തലക്കെട്ടോടെയാണ് ഫ്രെഡി കുറിച്ചത്.
ഫ്രെഡിയുടെ സ്ത്രീവിരുദ്ധമായ പോസ്റ്റ് വൈറലായതോടെ സാക്ഷാല്‍ ദീപിക തന്നെ മറുപടിയുമായെത്തി. ഫ്രെഡിയെ പേരെടുത്തു പരാമര്‍ശിക്കാതെയായിരുന്നു ദീപികയുടെ മറുപടി.
‘ശാസ്ത്രജ്ഞര്‍ പറയുന്നത് പ്രപഞ്ചം പ്രോട്ടോണുകളും ന്യൂട്രോണുകളും ഇലക്ട്രോണുകളും കൊണ്ട് നിര്‍മ്മിതമാണ് എന്നാണ്, എന്നാല്‍ അവര്‍ ‘മൊറോണു’കളെക്കുറിച്ച് പറയാന്‍ മറന്നുപോയി’ എന്നായിരുന്നു ദീപികയുടെ പോസ്റ്റ്.
ഇതോടെ ദീപികയ്ക്ക് മറുപടിയുമായി ഫ്രെഡി പോസ്റ്റ് ചെയ്യുകയും ചെയ്തു. കുറഞ്ഞ വസ്ത്രങ്ങളുടെ പേരില്‍ താന്‍ കളിയാക്കിയതായിരുന്നില്ല എന്നും മൊറോണ്‍ എന്ന് വിളിച്ചതിനു നന്ദി എന്നും ഫ്രെഡി കുറിച്ചു. അതാണ് ദീപിക തന്റെ കരിയറില്‍ ചെയ്ത ഏക വ്യാജമല്ലാത്ത കാര്യം എന്നും ഫ്രെഡി കുറിച്ചു.
നിരവധി പേരാണ് ദീപികയെ അനുകൂലിച്ച് പോസ്റ്റ് പങ്കുവെച്ചത്. സ്ത്രീവിരുദ്ധ കമന്റുകള്‍ പറയുന്നവര്‍ക്കെല്ലാം ചുട്ടമറുപടിയാണ് ദീപിക നല്‍കുന്നത് എന്നുപറഞ്ഞാണ് പലരും പോസ്റ്റ് പങ്കുവെക്കുന്നത്.FC