വിശ്വസുന്ദരി ഹര്‍നാസ് സന്ധുവിനു കിട്ടുന്ന സമ്മാനം രണ്ടു കോടി, 1770 വജ്രം പതിച്ച കിരീടം വാനോളം വാഴ്ത്ത്…
ഇസ്രയേലിലെ ടെല്‍ അവീവ് നഗരത്തില്‍ നടന്ന വിശ്വസുന്ദരിയെ തീരുമാനിക്കാനുള്ള മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇന്ത്യയ്ക്ക് അഭിമാനമായി. ചണ്ഡീഗഡില്‍ നിന്നുള്ള 21 വയസ്സുകാരി മോഡല്‍ ഹര്‍നാസ് സന്ധു കിരീടം ചൂടിയിരിക്കുന്നു. 21 വര്‍ഷത്തിനു ശേഷമാണ് സൗന്ദര്യ മത്സരങ്ങളിലെ ഏറ്റവും ശ്രേഷ്ഠമായ മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലേക്ക് എത്തുന്നത്.
ഇത് ഇന്ത്യക്കാര്‍ നേടുന്ന മൂന്നാം കിരീടവുമാണ്. 1994 ല്‍ സുസ്മിത സെന്നും 2000 ല്‍ ലാറാദത്തയുമാണ് ഇന്ത്യയില്‍ നിന്ന് മുന്‍പ് വിശ്വസുന്ദരിപ്പട്ടം നേടിയവര്‍. രണ്ടര ലക്ഷം യുഎസ് ഡോളറാണു മിസ് യൂണിവേഴ്സിന്റെ സമ്മാനത്തുക. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം 1.8 കോടി രൂപ.ഇതു കൂടാതെ ഒരു വലിയ പ്രതിമാസ തുക ഒരു വര്‍ഷത്തേക്കു കിട്ടുമെന്നും അഭ്യൂഹമുണ്ട്. ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
മിസ് യൂണിവേഴ്സ് പട്ടം ലഭിക്കുന്നവര്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം ലോകത്തെ തന്നെ ഏറ്റവും വില കൂടിയ കിരീടങ്ങളിലൊന്ന് തലയില്‍ വയ്ക്കാനുള്ള അവസരമാണ്. 1770 വജ്രങ്ങള്‍ പതിച്ച ഈ കിരീടത്തിനു കോടികള്‍ വിലമതിക്കും. ഇതു തന്നുവിടുകയൊന്നുമില്ല. എന്നാല്‍ മിസ് യൂണിവേഴ്സ് സംഘടന അംഗീകരിച്ചിട്ടുള്ള ഒരു പിടി ചടങ്ങുകളില്‍ ഈ കിരീടം വച്ചുകൊണ്ടു വിശ്വസുന്ദരിക്കു പോകാം. ന്യൂയോര്‍ക്ക് നഗരത്തില്‍ മിസ് യൂണിവേഴ്സ് അപ്പാര്‍ട്മെന്റില്‍ ഒരു വര്‍ഷം സൗജന്യമായി വസിക്കാനും വിശ്വസുന്ദരിക്ക് അവസരം ലഭിക്കും. ഒട്ടേറെ സൗകര്യങ്ങളുള്ള ആഢംബര വീടാണിത്. കൂടാതെ അസിസ്റ്റന്റുമാരും മേക്കപ്പ്മാന്‍മാരുമുള്‍പ്പെടെ പ്രഫഷണലുകളുടെ ഒരു ടീമിനെയും വിശ്വസുന്ദരിക്ക് ലഭിക്കും.
മുന്തിയ നിലവാരത്തിലുള്ള മേക്കപ്പ്, കേശസംരക്ഷണ ഉത്പന്നങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയൊക്കെയും ഒരുവര്‍ഷത്തേക്ക് ഇവര്‍ക്ക് ലഭിക്കും. കൂടാതെ വന്‍കിട ചടങ്ങുകള്‍, സിനിമകളുടെയും മറ്റും സ്ക്രീനിങ് ചടങ്ങുകള്‍ എന്നിവയിലൊക്കെ പങ്കെടുക്കാനുള്ള ക്ഷണവും വിശ്വസുന്ദരിയെ തേടി വരും. ലോകമെമ്പാടും സൗജന്യമായി യാത്ര,സൗജന്യ താമസം,ഭക്ഷണ ഫീസുകള്‍ തുടങ്ങിയവയും കിട്ടും. ഇതിനെല്ലാമപ്പുറം, മോഡലിങ്, സിനിമ, കല തുടങ്ങിയ മേഖലകളില്‍ താല്പര്യമുള്ളവര്ക്ക് വലിയ അവസരങ്ങള്‍ മിസ് യൂണിവേഴ്സ് പട്ടം സമ്മാനിക്കുന്നുണ്ട്. ഹര്‍നാസ് സന്ധു ലോക നെറുകയില്‍ നില്ക്കുന്നു. രാജ്യം അഭിമാനിക്കുന്നു FC