ഷൂട്ടിങ്ങിനിടെ അപകടം അമിതാബ് ബച്ചന്റെ വാരിയെല്ല് പൊട്ടി.. സ്റ്റണ്ട് സീനിനിടെയാണ് ….
ആരാധകരെ വേദനിപ്പിക്കുന്നതായി ഈ വാര്‍ത്ത, പ്രോജക്റ്റ് കെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കി നടന് അമിതാഭ് ബച്ചന്. വാരിയെല്ലിന്റെ തരുണാസ്ഥിയില്‍ പൊട്ടലും വേദനയുമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. തന്റെ ഏറ്റവും പുതിയ ബ്ലോഗിലാണ് അദ്ദേഹം അപകട ശേഷമുള്ള വിവരങ്ങള്‍ എഴുതിയിരിക്കുന്നത്. അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കേണ്ടിയിരിക്കുന്നുവെന്ന് അമിതാഭ് ബച്ചന് ബ്ലോഗിലെഴുതി.
ഹൈദരാബാദില്‍ പ്രോജക്റ്റ് കെ എന്ന ചിത്രത്തിന്റെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പരിക്കുപറ്റിയെന്ന് അദ്ദേഹം കുറിച്ചു. വാരിയെല്ലിന്റെ തരുണാസ്ഥിക്കും വലത് വാരിയെല്ലിലെ പേശികള്‍ക്കും പൊട്ടലുണ്ട്. ഷൂട്ട് റദ്ദാക്കി. ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലില്‍ വെച്ച് ഡോക്ടര്‍ പരിശോധിച്ച് സിടി സ്കാന്‍ ചെയ്ത് വീട്ടിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലെത്തി വിശ്രമിക്കുകയാണ്. ശരീരം ചലിപ്പിക്കുമ്പോഴും ശ്വസിക്കുമ്പോഴും വേദന തോന്നുന്നുണ്ട്. ആരോഗ്യം പഴയ പോലെയാകുന്നതിന് കുറച്ച് ആഴ്ചകളെടുക്കും. വേദനയ്ക്ക് മരുന്ന് കഴിക്കുന്നുണ്ട്. അതിനാല്‍ ചെയ്യേണ്ടിയിരുന്ന എല്ലാ ജോലികളും രോഗശാന്തിയാകുന്നതുവരെ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വസതിയായ ജല്‍സയില്‍ വിശ്രമത്തിലാണ്. അതുകൊണ്ട് വൈകീട്ട് ജല്‍സാ ഗേറ്റിലെത്തുന്ന അഭ്യുദയകാംക്ഷികളെ കാണാന്‍ സാധിക്കുകയില്ല.” ബച്ചന് കൂട്ടിച്ചേര്‍ത്തു. FC