മകന് ദുല്‍ഖറിന്റെ സിനിമ കുറുപ്പ് കണ്ട അച്ഛന് മമ്മുട്ടി പറഞ്ഞത് കേട്ടോ…
‘കുറുപ്പ്’ തിയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണെന്നാണ് സിനിമ കണ്ട ശേഷം മമ്മൂട്ടി പറഞ്ഞതെന്ന് ദുല്‍ഖര്‍ സല്മാന്. ‘കുറുപ്പി’ന്റെ തിയേറ്റര്‍ റിലീസ് റിസ്ക് തന്നെയാണെന്നും പ്രേക്ഷകര്‍ ചിത്രം ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നാണ് പ്രതീക്ഷയെന്നും ദുല്‍ഖര്‍ പറഞ്ഞു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമകളുമായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘പൊതുവേ അങ്ങനെ അഭിപ്രായം പറയാത്ത ആളാണ് വാപ്പച്ചി. ഇതൊരു നല്ല സിനിമാറ്റിക് അനുഭവമാകുമെന്നാണ് ചിത്രം കണ്ട ശേഷം അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ക്കും അതുതന്നെ തോന്നിയിരുന്നു. എന്നെ സംബന്ധിച്ചടത്തോളം ഇതെന്റെ ഏറ്റവും വലിയ സിനിമയാണ്. കോവിഡിനു മുമ്പേ വമ്പന്‍ പദ്ധതികള്‍ മനസിലുണ്ടായിരുന്നു. ഒരുപാട് രാജ്യങ്ങളില്‍ പല ഭാഷകളില്‍ ചിത്രം റിലീസിനെത്തിക്കണമെന്നായിരുന്നു പദ്ധതിയിട്ടത്.’
‘വലിയ സിനിമകളുമായി ബന്ധപ്പെട്ട് ഒടിടി ചര്‍ച്ചകള്‍ നടക്കുന്നതിനു കാരണം കോവിഡ് സാഹചര്യമാണ്. പല ചിത്രങ്ങളും രണ്ട് വര്‍ഷമായി പെട്ടിയില്‍ ഇരിക്കുകയാണ്. ഇതില്‍ മുടക്കിയിരിക്കുന്ന പൈസ മറ്റ് പലരില്‍ നിന്നും കടമെടുത്തതും. അതിനു പലിശയുണ്ട്. ബിഗ് ബജറ്റ് സിനിമകളില്‍ ഒരാളുടെ പൈസ മാത്രമായിരിക്കില്ല മുടക്കുക. കഴിഞ്ഞ രണ്ട് കൊല്ലമായി പലിശ കൊടുക്കുന്നതല്ലാതെ ഇങ്ങോട്ടൊന്നും ഒരു നിര്‍മാണക്കമ്പനികള്‍ക്കും ലഭിച്ചിട്ടില്ല.’-ദുല്‍ഖര്‍ പറയുന്നു.
‘ഈ ഘട്ടത്തിലാണ് നമ്മള് മറ്റ് പല മാര്‍ഗങ്ങള്‍ നോക്കുക. ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചെയ്യുന്ന നിര്‍മാതാക്കള്‍ ആരും അവരുടെ പടം ഒടിടിയില്‍ കൊടുക്കണമെന്ന് ആഗ്രഹിക്കുന്നില്ല. മാത്രമല്ല തിയേറ്ററില്‍ ചെയ്യുന്ന സിനിമയും ഒടിടി സിനിമയും തമ്മില്‍ ഒത്തിരി വ്യത്യാസമുണ്ട്. വലിയ സ്കെയിലില്‍ ഷൂട്ട് ചെയ്ത സിനിമകള്‍ ചെറിയ സ്ക്രീനില്‍ കാണുന്ന ആസ്വാദനശൈലിയില്‍ മാറ്റമുണ്ട്. ഒടിടി സിനിമകള്‍ നമുക്കിടയില്‍ ഉണ്ടാകും. അതൊരു സത്യമാണ്.’
‘സിനിമയില്‍ ഒരുപാട് കാലഘട്ടങ്ങള്‍ വന്നുപോകുന്നുണ്ട്. പല പ്രായത്തിലുള്ള ഗെറ്റപ്പുകളും കാണാം. കുറുപ്പിനെക്കുറിച്ച് കേട്ട കഥകളും കുറച്ച് ഫിക്ഷനും ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. കഥാപാത്രത്തിനോട് നീതി പുലര്‍ത്തിയേ തീരൂ. കുപ്രസിദ്ധ പല കുറ്റവാളികളെയും എടുത്തുനോക്കിയാല്‍ അവര്‍ക്കൊരു വ്യത്യസ്ത സ്റ്റൈല്‍ തന്നെ ഉണ്ടാകും. അത് ചിലപ്പോള്‍ ഹെയര്‍ സ്റ്റൈലിലോ വസ്ത്രത്തിലോ ഒക്കെയാകും. എന്തായാലും കുറുപ്പിനെ ഒരുരീതിയിലും ഗ്ലോറിഫൈ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ചിത്രീകരണം തുടങ്ങുന്നതിനു മുമ്പേ തന്നെ ചാക്കോയുടെ കുടുംബത്തിനെ സന്ദര്‍ശിക്കുകയും അനുവാദം ചോദിക്കുകയും ചെയ്തിരുന്നു. സിനിമയും അവരെ കാണിച്ചു. അവരുടെ തീരുമാനം അറിഞ്ഞ ശേഷമാണ് സിനിമയുമായി മുന്നോട്ട് പോയത്.’-ദുല്‍ഖര്‍ വ്യക്തമാക്കി.FC