അസുഖങ്ങളില്‍ നിന്ന് അതിവേഗം മടങ്ങുന്നു നമ്മുടെ ശ്രീനിവാസന്.. മകന് ധ്യാനിന്റെ തമാശകള്‍ വേറെ…..
രോഗശയ്യയില്‍ നിന്ന് ശ്രീനിവാസന് എന്ന അഭിനയകലയുടെ ചാണക്യന് അതിവേഗം മടങ്ങിവരവ് നടത്തുന്നതില്‍ കുടുംബങ്ങള്‍ക്കൊപ്പം ആരാധകരും സന്തോഷത്തിലാണ്, അതിനിടയില്‍ ശ്രീനിയേയും കുടുംബത്തെയും സന്ദര്‍ശിച്ച നടി സ്മിനുവിന്റെ പോസ്റ്റ് കൂടുതല്‍ പ്രതീക്ഷ നല്കുന്നു, അസുഖങ്ങള്‍ കാരണം ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്. കഴിഞ്ഞമാസം അദ്ദേഹത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹം പഴയ ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്ന സന്തോഷവാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് നടി സ്മിനു സിജോ.
ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് സ്മിനു ശ്രീനിവാസനേക്കുറിച്ച് പറയുന്നത്. ശ്രീനിവാസനെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് കുറിപ്പ്. ഈ സന്തോഷം എന്നും മായാതിരിക്കട്ടെയെന്നും ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നതെന്നും പറഞ്ഞുകൊണ്ടാണ് സ്മിനുവിന്റെ കുറിപ്പ് തുടങ്ങുന്നത്. ചെറിയ ചില ആരോഗ്യപ്രശ്നങ്ങള്‍ ഒഴിച്ചാല്‍ അദ്ദേഹം ഇന്ന് പൂര്‍ണ ആരോഗ്യവാനാണെന്നും അവര്‍ പറഞ്ഞു.
ധ്യാന്‍ ഇന്റര്‍വ്യൂവില്‍ പറയാന്‍ മറന്നതോ അതോ അടുത്ത ഇന്റര്‍വ്യൂവില്‍ പറയാന്‍ മാറ്റിവച്ചതോ അറിയില്ല. എന്തായാലും പഴയ നര്‍മ്മത്തിന് ഒട്ടും മങ്ങല്‍ ഏല്പിക്കാതെ ധ്യാന്‍മോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും, ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചെലവഴിക്കാന്‍ പറ്റിയ നിമിഷങ്ങള്‍ എന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ് -സ്മിനു കുറിച്ചു.
പൂര്‍ണ്ണ ആരോഗ്യവാനായശേഷം എഴുതാന്‍ പോവുന്ന അടുത്ത തിരക്കഥയെ പറ്റി അദ്ദേഹം വാ തോരാതെ സംസാരിച്ചെന്നും സ്മിനു എഴുതി. ആ കണ്ണുകളിലെ തിളക്കം, അത്മവിശ്വാസം അതു മാത്രം മതി നമ്മള് മലയാളികള്‍ക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന് എന്നു പറഞ്ഞുകൊണ്ടാണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. FC