നടന് മാത്രമായിരുന്നില്ല ദാസ് തൊടുപുഴ ലൊക്കേഷനിലെ എല്ലാമായിരുന്നു… അതുകൊണ്ടാണ് മരണമറിഞ്ഞപ്പോള്‍ മോഹന്‍ലാലടക്കം…
ചില മരണങ്ങള് എല്ലാവരെയും നൊമ്പരപ്പെടുത്തും.. മലയാള സിനിമയിലെ ലൊക്കേഷന്‍ മാനേജറും നടനുമായ ദാസ് തൊടുപുഴ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നടന് മോഹന്‍ലാല്‍, സംവിധായകരായ ജി. മാര്‍ത്താണ്ഡന്‍, ജിബു ജേക്കബ് ഉള്‍പ്പെടെ നിരവധി പേര് ദാസിന് ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്.
‘ലൊക്കേഷന്‍ മാനേജര്‍ ദാസ് തൊടുപുഴയ്ക്ക് ആദരാഞ്ജലികള്‍,’ ചിത്രം പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു. ‘നിങ്ങളാദ്യം കണ്ടതാണ് ദാസേട്ടാ… ഞങ്ങളിലൂടെ, ക്യാമറക്കണ്ണുകളിലൂടെ പ്രേക്ഷകര്‍ കണ്ടത്. തൊടുപുഴയുടെ സൗന്ദര്യം സിനിമയിലെത്തിച്ച ലൊക്കേഷന്‍ മാനേജര്‍ ‘ദാസ് തൊടുപുഴ’ക്ക് ആദരാഞ്ജലികള്‍,’- ജിബു ജേക്കബ് കുറിച്ചു. ‘എന്റെ പ്രിയപ്പെട്ട ദാസേട്ടന്. ഞാന്‍ സംവിധാനം ചെയ്ത ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പാവാട, ജോണി ജോണി യെസ് അപ്പ ഈ മൂന്ന് ചിത്രങ്ങളും തൊടുപുഴ – പാലാ സ്ഥലങ്ങളിലാണ് ചിത്രീകരിച്ചത്. അവിടുത്തെ എല്ലാ ലൊക്കേഷനുകളും എനിക്ക് കണ്ടെത്തി തന്നതും വേണ്ട എല്ലാ കാര്യങ്ങളും എനിക്ക് ചെയ്തു തന്നതും ദാസേട്ടന് ആണ്. ഈ വിടവാങ്ങല്‍ എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. പ്രിയപ്പെട്ട ദാസേട്ടാ കഥയില്‍ എഴുതുന്നത് കണ്ടെത്തിത്തരുന്ന മഹാപ്രതിഭ,’ എന്നാണ് സംവിധായകന് ജി മാര്‍ത്താണ്ഡന്‍ ദാസിനെക്കുറിച്ച് എഴുതിയത്.
നാടകങ്ങളിലൂടെയാണ് ദാസ് കലാരംഗത്തെത്തുന്നത്. എക്കരപ്പറമ്പില് സുഗുണ ദാസ് എന്നാണ് യഥാര്‍ത്ഥ പേര്. നൂറ്റി എന്പതോളം സിനിമകളുടെ ലൊക്കേഷന്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുള്ള ദാസ് ഏതാനും സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു. ജൂനിയര്‍ ആര്ടിസ്റ്റുകള്ക്കു അവസരം നല്‍കാനായി ‘വിസ്മയ ആര്‍ട്സ് വെല്‍ഫെയര്‍ അസോസിയേഷന്’ എന്ന പേരില്‍ സംഘടനയ്ക്ക് രൂപം നല്‍കിയിരുന്നു. ആദരാഞ്ജലികളോടെ. FC