മിമിക്രിയില്‍ നിന്നല്ലേ ജയറാമിന്റെ തുടക്കം.. മുംബൈയിലെ താരത്തിന്റെ മിമിക്രിയില്‍ പൊട്ടിച്ചിരിക്കുന്നവരെ നോക്കൂ…
വന്നവഴി.. അതാണല്ലോ ഏറ്റവും വലുത്.. അതിപ്പോഴും രാകി മൂര്ച്ചകൂട്ടിവെച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന പ്രകടനമാണ് നടന്നത്, മുംബൈയില്‍ പോയി പ്രേക്ഷകരെ മിമിക്രി കാട്ടി ചിരിപ്പിച്ച് ജയറാം. ‘ഗോസ്റ്റ്’ എന്ന സിനിമയുടെ പാന്‍ ഇന്ത്യന്‍ പ്രമോഷനു വേണ്ടി മുംബൈയിലെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ജയറാം മിമിക്രി കാട്ടിയത്.
പൊന്നിയന്‍ സെല്വന് സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പ്രഭുവിനെയും മണിരത്നത്തെയും അനുകരിക്കുന്ന ജയറാമിന്റെ മിമിക്രി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ എന്തെങ്കിലും ഒരു സംഭവം ഈ സിനിമയില്‍ ഉണ്ടായോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനു മറുപടിയായാണ് പ്രഭുവിനെ ഒരിക്കല്‍ക്കൂടി ജയറാം അനുകരിച്ചത്. ജയറാമിന്റെ ശബ്ദാനുകരണം കേട്ട് പൊട്ടിച്ചിരിക്കുന്ന ശിവരാജ്കുമാറിനെയും വീഡിയോയില്‍ കാണാം. ഏതാനും വാചകങ്ങളില്‍ പ്രഭുവിനെ അവതരിപ്പിച്ച് ജയറാം മിമിക്രി അവസാനിപ്പിച്ചതും രസകരമായ കമന്റോടെ ആയിരുന്നു. ഇത് ഇപ്പോള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കുഴപ്പമാവുമെന്നും നാളെ ചെന്നൈയില്‍ ചെല്ലുമ്പോള്‍ പ്രഭു വിളിച്ച് ചീത്ത പറയുമെന്നും ജയറാം പറഞ്ഞു.FC