തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ യുവ നടനും ഗായകനുമായ ജിഹാനും.. 156 പേരാണ് മരിച്ചത് …..
ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ നടനും ഗായകനുമായ ലീ ജിഹാനും. 24 വയസ്സായിരുന്നു. അപകടത്തില്‍ 156 പേര് മരിച്ചുവെന്നാണ് വിവരം. നിരവധി പേര് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊറിയന്‍ പ്രൊഡ്യൂസ് 101 എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ലീ ജിഹാന് കലാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അനതര്‍ നാം ഹ്യൂന് ഡേ എന്ന ടെലിവിഷന്‍ സീരിസിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. 935 എന്റര്‍ടൈന്‍മെന്റ്, 9 എടിഒ എന്റര്‍ടൈന്‍മെന്റ് എന്നി നിര്‍മാണ കമ്പനികളിലെ ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു.
ശവസംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഹാലോവീന്‍ ദിനാഘോഷത്തില്‍ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തോളം പേര് പങ്കെടുക്കാനെത്തി എന്നാണ് വിവരം. പ്രധാന ആഘോഷവേദിയായ ഇത്തായ്വോണിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് ആളുകള്‍ തള്ളിക്കയറിയതാണ് അപകടകാരണം. സമീപത്തുള്ള ബാറില്‍ പ്രശസ്തനായ ആരോ ഉണ്ടെന്ന വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് ആളുകള്‍ തിക്കുംതിരക്കുമുണ്ടാക്കിയെന്നാണ് കരുതുന്നത്. ചെരിഞ്ഞ വഴിയുടെ മുകളിലുണ്ടായിരുന്നവര്‍ താഴേക്ക് വീഴാന്‍ തുടങ്ങിയതോടെയാണ് കൂട്ടിയിടിയും പരിഭ്രാന്തിയുമുണ്ടായത്.
കോവിഡിന് ശേഷം ആദ്യമായി പൊതുസ്ഥലത്ത് മാസ്കില്ലാതെ നടന്ന ഹാലോവീന്‍ ആഘോഷമാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. അപകടത്തിന് പിന്നാലെ ജനങ്ങളോട് എത്രയും പെട്ടന്ന് വീടുകളിലേക്ക് തിരികേ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് പ്രസിഡന്റ് യൂണ് സുക് ഇയോള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. 150 ലധികം അഗ്നിരക്ഷാസേനാ വാഹനങ്ങള്‍ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം നടത്തി ലീ ജിഹാന് ആദരാഞ്ജലികള്‍. FC