സിനിമ സീരിയല്‍ നടന് കൈലാസ് നാഥ് അന്തരിച്ചു.. മരണം കരള്‍ രോഗത്തെ തുടര്‍ന്ന് …
സിനിമ സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു 65 വയസായിരുന്നു. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
നടി സീമ ജി. നായര്‍ അടക്കമുള്ളവര്‍ കൈലാസ് നാഥിന്റെ വിയോഗവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച.
അദ്ദേഹത്തെ പലരും ഓര്‍ക്കുന്നതിങ്ങനെ, മുറുക്കിച്ചുവപ്പിച്ചൊരു ചിരിയായിരുന്നു സഹപ്രവര്‍ത്തകര്‍ക്ക് കൈലാസ് നാഥ് എന്ന നടന്. നാലുംകൂട്ടി മുറുക്കിയിരുന്നതുകൊണ്ട് അദ്ദേഹം പഴയ മദിരാശി ജീവിതത്തിലേക്കു പോകും. അത് കേട്ടിരിക്കാന്‍ അഭിനയത്തിലെ ഏറ്റവും പുതിയ തലമുറയിലുള്ളവര്‍ വരെ ചുറ്റും കൂടും പ്രത്യേകതരം മുറുക്കാന്‍ചെല്ലവുമായി സെറ്റിലെത്തിയിരുന്ന കൈലാസ് അതിനൊപ്പം ഓര്‍മകളുടെ ചെപ്പുകൂടി തുറന്നുവക്കും. ഏതു വിഷയത്തെക്കുറിച്ചും അറിവുണ്ടായിരുന്നു അദ്ദേഹത്തിനെന്ന് സീരിയലുകളില്‍ വര്‍ഷങ്ങളോളം ഒപ്പം പ്രവര്‍ത്തിച്ച നടി സീമ ജി. നായര്‍ ഓര്‍ക്കുന്നു.
ഗൗരവമുള്ള വിഷയങ്ങള്‍ സരസമായി അവതരിപ്പിക്കുകയായിരുന്നു പതിവ്. സിനിമകളേക്കാള്‍ കൂടുതല്‍ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് നടന് പ്രേക്ഷകര്‍ക്ക് സുപരിചിതനാവുന്നത്. ഏറെകാലം ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള കൈലാസ് നാഥ് മലയാളത്തില്‍ ‘ഇതു നല്ല തമാശ’ എന്ന സിനിമ സംവിധാനം ചെയ്തു. 1977ല്‍ പുറത്തിറങ്ങിയ ‘സംഗമം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമരംഗത്തേക്ക് എത്തിയത്. തമിഴ് സിനമ മേഖലയിലും സജീവമായിരുന്നു. ആദരാഞ്ജലികളോടെ. FC