നവരാത്രി രണ്ടാം ദിവസം പാര്‍വതി ദേവിയുടെ ബ്രഹ്മചാരിണി ഭാവം… പച്ചവസ്ത്രം ഉത്തമം……
നവരാത്രി ഒന്നാം ദിനം ശൈലപുത്രിയായി പാര്‍വ്വതിദേവിയെ പൂജിച്ചു കഴിഞ്ഞു, രണ്ടാം ദിവസം പാര്‍വതി ദേവിയുടെ ബ്രഹ്മചാരിണി ഭാവത്തിലാണ് പൂജിക്കേണ്ടത്, ദുര്‍ഗാദേവി മഹിഷാസുരനെന്ന അസുരനെ തോല്പിച്ച് ദുഷ്ടശക്തിയില്‍ നിന്നും ലോകത്തെ രക്ഷിച്ചതിനാല്‍ നവരാത്രി ഒരു ശുഭകരമായ ഉത്സവമായാണ് കണക്കാക്കപ്പെടുന്നത്.
ദൈവീകശക്തിയെയും ജ്ഞാനത്തെയുമാണ് ദുര്‍ഗാദേവി പ്രതിനിധീകരിക്കുന്നത്. നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് ബ്രഹ്മചാരിണി ദേവിയെയാണ് ആരാധിക്കുന്നത്. പാര്‍വതി ദേവിയുടെ ബ്രഹ്മചാരിണി ഭാവമാണ്. ദേവി വെളുത്ത വസ്ത്രത്തിലാണ് കാണപ്പെടുന്നത്. നാരദമുനിയുടെ ഉപദേശ പ്രകാരം ശിവപത്നിയാകാന് വേണ്ടി കഠിന തപസ്സ് അനുഷ്ഠിച്ചതിനാല്‍ പാര്വതിദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന പേര് ലഭിക്കുകയുണ്ടായി. കമണ്ഡലുവും രുദ്രാക്ഷമാലയും കൈയിലേന്തി ശുഭ്രവസ്ത്രം ധരിച്ച രൂപമാണ് ബ്രഹ്മചാരിണിയുടേത്.
ഇല പോലും ഭക്ഷിക്കാതെയാണ് കഠിനതപസ്സില്‍ ദേവി മുഴുകിയത്. ഇതിനാല്‍ ‘അപര്‍ണ’ എന്ന പേരിലും ദേവി അറിയപ്പെടുന്നുണ്ട്. ഇതു കൂടാതെ ‘ഉമ’, ‘തപചാരിണി’ എന്നീ പേരുകളിലും ദേവി അറിയപ്പെടുന്നുണ്ട്. ചെമ്പരത്തി, താമര എന്നിവ പൂജാസമയത്ത് നിവേദിക്കാവുന്നതാണ്. ദേവിയ്ക്ക് പച്ചനിറം ഇഷ്ടമാണ്. അതുകൊണ്ടു തന്നെ നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് പച്ച വസ്ത്രം ധരിക്കുന്നത് ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. മുല്ലപ്പൂക്കള്‍ ദേവിയ്ക്ക് ഏറെ ഇഷ്ടമായതിനാല്‍ ഭക്തര്‍ പലരും മുല്ലപ്പൂമാല സമര്‍പ്പിക്കുന്നതായി കാണാറുണ്ട്.