ഇനി കോട്ടയം പ്രദീപ് ഇല്ല, നടന്റെ മരണം വേദനാ ജനകം…
‘ഫിഷുണ്ട്… മട്ടനുണ്ട്… ചിക്കനുണ്ട്… കഴിച്ചോളൂ… കഴിച്ചോളൂ… ‘ഒരൊറ്റ ഡയലോഗ് കൊണ്ട് പ്രേക്ഷക മനസ്സിലിടം നേടിയ നടനാണ് കോട്ടയം പ്രദീപ്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘വിണ്ണൈത്താണ്ടി വരുവായ’യില്‍ ഒറ്റ ഡയലോഗ് കൊണ്ട് മറ്റ് അഭിനേതാക്കളേക്കാള്‍ സ്കോര്‍ ചെയ്ത നടന്. ഈ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. അതിന് മുമ്പ് കല്ല്യാണ രാമന്, ഫോര്‍ ദ പീപ്പിള്‍, രാജമാണിക്യം, ലോലിപ്പോപ്പ്, മൈ ബിഗ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
എന്നാല്‍ ‘വിണ്ണൈത്താണ്ടി വരുവായ’യ്ക്ക് ശേഷം പ്രദീപിന് പിന്നെ തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല. ചിത്രത്തിലെ ഡയലോഗ് അതോടെ ട്രെന്‍ഡ് സെറ്ററായി മാറുകയും ചെയ്തു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്, ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, തോപ്പില്‍ ജോപ്പന്, ആട് ഒരു ഭീകര ജീവിയാണ്, ലൈഫ് ഓഫ് ജോസൂട്ടി, ഗോദ, തുടങ്ങി എഴുപതിലധികം സിനിമകളില്‍ അഭിനയിച്ചു. രാജാറാണി, നന്‍പെന്‍ടാ, തെരി തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും ഭാഗമായി. വ്യാഴാഴ്ച്ച പുലര്‍ച്ചയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം പ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ നാല് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. FC