മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാര്‍ ആക്കിയ നിര്‍മ്മാതാവ് പി കെ ആര് പിള്ള വിടവാങ്ങി.. വിശ്രമ ജീവിതത്തിനിടെ മരണം….
മോഹന്‍ലാലിനെ നായകനാക്കി ഹിറ്റുകള്‍ നേടിയെടുത്ത പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും ഷിര്‍ദി സായി ക്രിയേഷന്‍സ് നിര്‍മ്മാണക്കമ്പനിയുടെ സ്ഥാപകനുമായ പി.കെ.രാമചന്ദ്രന് പിള്ള അന്തരിച്ചു 92 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയിലെ പീച്ചിക്കടുത്ത് മന്ദന്‍ചിറയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്ന അദ്ദേഹം സ്വവസതിയില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്നു. അവസാനകാലത്ത് ഓര്‍മ്മക്കുറവും അലട്ടിയിരുന്നു.
1984-ല്‍ വെപ്രാളം എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് പി.കെ. രാമചന്ദ്രന് പിള്ള എന്ന പി.കെ.ആര് പിള്ള സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പതിനാറ് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും എട്ടുചിത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. എണ്‍പതുകളില്‍ മോഹന്‍ലാലിന്റെ താരമൂല്യം കുത്തനെ ഉയര്‍ത്തിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു പി.കെ.ആര് പിള്ള. ശോഭരാജ്, അമൃതംഗമയ, ചിത്രം, വന്ദനം, അര്‍ഹത, കിഴക്കുണരും പക്ഷി, അഹം, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ തുടങ്ങിയവയാണ് നിര്‍മ്മിച്ച ശ്രദ്ധേയമായ ചിത്രങ്ങള്‍. ഏഴുമുതല്‍ ഒമ്പതുവരെ, ജാലകം, വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, വിഷ്ണുലോകം, എന്നും സംഭവാമി യുഗേ യുഗേ, അച്ഛനുറങ്ങാത്ത വീട് എന്നിവയാണ് വിതരണം ചെയ്ത ചിത്രങ്ങള്‍. ഇതില്‍ ഏഴുമുതല്‍ ഒമ്പതുവരെ നിര്‍മ്മിച്ചതും അദ്ദേഹം തന്നെയായിരുന്നു. 2002-ല്‍ പുറത്തിറങ്ങിയ പ്രണയമണിത്തൂവല്‍ ആണ് നിര്‍മ്മിച്ച അവസാനചിത്രം. രമയാണ് ഭാര്യ. രാജേഷ്, പ്രീതി, സോനു, അന്തരിച്ച നടന് സിദ്ധു എന്നിവരാണ് മക്കള്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിദ്ധുവിനെ 2018-ല്‍ ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു ആദരാഞ്ജലികളോടെ FC