എല്ലാവരെയും പോലെ ആയിരുന്നില്ല എനിക്ക് പി വി ജി.. മരണത്തില്‍ ഞെട്ടലോടെ മഞ്ജു വാര്യര്‍.. പോയത് കടുംബാംഗം…
മരണത്തില്‍ അനുശോചനം പല മേഖലകളില്‍ നിന്നും വരികയാണ്.. മഞ്ജുവാര്യര്‍ പി വി ജി സ്മരിക്കുന്നത്.. എല്ലാവരുടെയും പി.വി.ജി എനിക്ക് പി.വി.ജി അങ്കിള്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ഒരു കുടുംബാംഗത്തിന്റെ നഷ്ടമാണ് എന്റെ മനസ്സിലിപ്പോള്‍. വല്ലാത്ത വേദന തോന്നുന്നു. മാതൃഭൂമിയുടെ കണ്ണൂര്‍ യൂണിറ്റ് ഉദ്ഘാടനച്ചടങ്ങില്‍ വച്ചാണ് ഞാന്‍ പി.വി.ജി അങ്കിളിനെ ആദ്യം കാണുന്നത്. എം.പി.വീരേന്ദ്രകുമാര്‍ സാറും ഒപ്പമുണ്ടായിരുന്നു. ഞാന്‍ അന്ന് പത്താംക്ലാസില്‍ പഠിക്കുകയാണ്. ഉദ്ഘാടകനായ മുഖ്യമന്ത്രി കെ.കരുണാകരന് സാറിന് ദീപം കൈമാറുകയായിരുന്നു എന്റെ ചുമതല. അന്ന് ഞാന്‍ സിനിമയിലെത്തിയിട്ടില്ല. അതുകൊണ്ട് പി.വി.ജി അങ്കിളിനോട് ഒരുപാടൊന്നും സംസാരിച്ചില്ല. പരിചയപ്പെടലില്‍ ഒതുങ്ങി ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച.
പക്ഷേ അതൊരു ആത്മബന്ധത്തിന്റെ തുടക്കമാകും എന്ന് അപ്പോള്‍ ഞാനറിഞ്ഞില്ല. സല്ലാപം കഴിഞ്ഞ് എന്റെ അടുത്ത ചിത്രം തൂവല്‍ കൊട്ടാരമായിരുന്നു. അത് നിര്‍മ്മിച്ചത് പി.വി.ജി.അങ്കിളിന്റെ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും. ഹൃദയത്തില്‍ കളങ്കമേതുമില്ലാത്ത കോഴിക്കോട്ടുകാരനായിരുന്നു പി.വി.ജി.അങ്കിള്‍. ഞാന്‍ സിനിമയിലുണ്ടായിരുന്ന നാളുകളിലും വിട്ടുനിന്ന സമയത്തും അദ്ദേഹം വിളിച്ച് സ്നേഹാന്വേഷണം നടത്തുമായിരുന്നു. കോഴിക്കോട്ട് എപ്പോള്‍ ചെന്നാലും തന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നത് അദ്ദേഹത്തിന്റെ നിര്‍ബന്ധമായിരുന്നു. തന്റെ പാതയിലൂടെ മക്കളായ ഷെനൂഗയും ഷെര്‍ഗയും ഷെഗ്നയും സിനിമാനിര്മാണത്തിലേക്കെത്തിയത് പി.വി.ജി.അങ്കിളിനെ ഏറെ സന്തോഷിപ്പിച്ചു. അത് പങ്കുവയ്ക്കാന്‍ അദ്ദേഹം എന്നെ വിളിക്കുകയും ചെയ്തു.
കോവിഡ് കാലത്തുപോലും കരുതലറിയിക്കാന് പി.വി.ജി അങ്കിള്‍ വിളിച്ചു. ഒരു സിനിമയില്‍ മാത്രമേ ഒപ്പം പ്രവര്‍ത്തിച്ചുള്ളൂ. പക്ഷേ അതുകൊണ്ട് ഒരായുസ്സിന്റെ ബന്ധം എനിക്കുണ്ടായി. നന്ദി പ്രിയപ്പെട്ട പി.വി.ജി.അങ്കിള്‍…എനിക്ക് തന്ന വാത്സല്യത്തിനും സ്നേഹത്തിനും. എന്നാണ് മഞ്ജു പറഞ്ഞവസാനിപ്പിച്ചത്. FC