സിനിമക്ക് കനത്ത നഷ്ടം പി വി ഗംഗാധരന് അന്തരിച്ചു.. മരണം ആശുപത്രിയില്‍.. അങ്ങാടി, ഒരു വടക്കന്‍ വീരഗാഥ..
സിനിമയെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഈ മരണം കനത്ത നഷ്ടം തന്നെയാണ്, പ്രമുഖ സിനിമാ നിര്‍മ്മാതാവും വ്യവസായിയും എ.ഐ.സി.സി. അംഗവും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരന് അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 7.23ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. പൊതുദര്‍ശനം ആഴ്ചവട്ടത്തെ വീട്ടില്‍ ഉച്ചയ്ക്ക് രണ്ടുവരെയും തുടര്‍ന്ന് രണ്ട് മണിമുതല്‍ കെ.ടി.സി ഓഫീസിലും വൈകീട്ട് അഞ്ച് മുതല്‍ ടൗണ്‍ഹാളിലും നടക്കും. സംസ്ക്കാരം ശനിയാഴ്ച വൈകിട്ട് ആറിന് ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങള്‍ നിര്‍മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായിരുന്നു അദ്ദേഹം.
സിനിമയിലേയും രാഷ്ട്രീയത്തിലേയും നിറസാന്നിധ്യമായിരുന്നു ഏവരും സ്നേഹപൂര്‍വ്വം പി.വി.ജി എന്ന് വിളിച്ചിരുന്ന പി.വി ഗംഗാധരന്. ജനപ്രിയ സിനിമകളിലൂടെ ഇന്നത്തെ മുതിര്‍ന്ന താരങ്ങളുടേയും സംവിധായകരുടേയും തുടക്കകാലത്ത് ഹിറ്റുകള്‍ സമ്മാനിച്ച ബാനറായിരുന്നു ഗൃഹലക്ഷ്മി ഫിലിംസ്, 1977ല്‍ സുജാത എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ടാണ് അദ്ദേഹം ചലച്ചിത്രനിര്മാണരംഗത്തേക്കെത്തിയത്. തുടര്‍ന്ന് മനസാ വാചാ കര്‍മണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, വാര്‍ത്ത, ഒരു വടക്കന്‍ വീരഗാഥ, അദൈ്വതം, ഏകലവ്യന് തുടങ്ങി ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹിറ്റ് ചിത്രങ്ങളുടെ നീണ്ടനിര തന്നെ സൃഷ്ടിക്കപ്പെട്ടു. ജയന് നായകനായ ഐ.വി.ശശി ചിത്രം അങ്ങാടി ഇന്നും മലയാള സിനിമയിലെ ആക്ഷന്‍ ചിത്രങ്ങളുടെ മുന്‍നിരയിലുണ്ട്.
എസ് ക്യൂബുമായി ചേര്‍ന്ന് നിര്‍മ്മിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അദ്ദേഹം നിര്‍മ്മിച്ച കാണാക്കിനാവ് എന്ന ചിത്രത്തിന് 1997ല്‍ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്കാരവും 2000ല്‍ ശാന്തം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഒരു വടക്കന്‍ വീരഗാഥ , കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് എന്നീ ചിത്രങ്ങള്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കി. 1986 ല്‍ വാര്‍ത്ത. ഒരു വടക്കന്‍ വീരഗാഥക്ക് 1989 ല്‍, 1996 ല്‍ തൂവല്‍ കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ക്ക് 1999 ലും, അച്ചുവിന്റെ അമ്മക്ക് 2005 ലും, 2006 ല്‍ നോട്ട്ബുക്ക് എന്നിവക്ക് മികച്ച ചിത്രങ്ങള്‍ക്കുള്ള സൗത്ത് ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ നേടി. പ്രമുഖവ്യവസായിയും സ്വാതന്ത്ര്യസമരസേനാനിയുമായ പരേതരായ പി.വി. സാമിയുടെയും മാധവിസാമിയുടെയും മകനായി 1943ല്‍ കോഴിക്കോടായിരുന്നു ജനനം. പി.വി. ഷെറിന് ആണ് ഭാര്യ.
ചലച്ചിത്ര നിര്‍മ്മാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നീ മൂന്ന് പെണ് മക്കളാണ് പി വി ജി ക്ക് . മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന് ജ്യേഷ്ഠ സഹോദരനാണ്. ആദരാഞ്ജലികളോടെ. FC