പാടിയതെല്ലാം തേനായി പൊഴിഞ്ഞു… മധുര ഗായകന് സതീഷ്ബാബുവിന്റ 50 പാട്ടുവര്‍ഷങ്ങള്‍….
ഒരു മനുഷ്യന് ഇത്ര പാവമാവാന്‍ പാടുണ്ടോ എന്നു ചോദിച്ചുപോകും.. അതുകൊണ്ടു തന്നെ മത്സരബുദ്ധിയും കാണിക്കാതിരുന്ന അദ്ദേഹം മറ്റുഗായകര്‍ പാടിയ അത്ര പാട്ടുകള്‍ പാടിയില്ല… തന്റെ ശബ്ദം ആവശ്യമുള്ളവര്‍ തേടിവന്നു അവര്‍ക്കുവേണ്ടി പാടി… ആ പാടിയതെല്ലാം ഒരിക്കലും സംഗീതാസ്വാദകര്‍ക്ക് മറക്കാന്‍ കഴിയാത്ത പാട്ടുകളും, അദ്ദേഹം പാടിയതെല്ലാം ഇമ്പമാര്‍ന്ന ഗാനങ്ങള്‍.
അഞ്ചുപതിറ്റാണ്ടിനിടയില് കെ. സതീഷ് ബാബുവിന്റെ സ്വരമാധുരി പെയ്തിറങ്ങിയത് എണ്ണിയാലൊടുങ്ങാത്ത വേദികളില്‍. മെല്ലെ നീ മെല്ലെ വരൂ (ധീര), ആ മുഖം കണ്ടനാള്‍ (യുവജനോത്സവം), മുത്തുക്കുട ചൂടി നീ വാ (ഒന്നാനാം കുന്നില്‍ ഓരടികുന്നില്‍), മഴവില്‍ക്കൊടിപോലെ (ഇത്രമാത്രം), ദേവദുന്ദുഭി (എന്നെന്നും കണ്ണേട്ടന്റെ), ശിശിരമേ നീ ഇതിലെ വാ (പട്ടണപ്രവേശം)… ആസ്വാദകമനസ്സുകളില്‍ കോഴിക്കോടിന്റെ ഈ പാട്ടുകാരനെ അടയാളപ്പെടുത്തിയ എത്രയെത്ര പാട്ടുകള്‍.
25 സിനിമകള്‍. അതില്‍ 28 പാട്ടുകള്‍. ഗാനവഴിയില് അമ്പതുവര്‍ഷം പിന്നിടുമ്പോള്‍ സതീഷ് ബാബു വേദികളില്‍ പാടിയതേറെയും ‘ഗന്ധര്‍വ’ഗാനങ്ങള്‍. സതീഷ് സ്റ്റേജിലെത്തിയാല്‍ സംഗീത പ്രേമികള്‍ ഒന്നടങ്കം പാടാന്‍ ആഗ്രഹം പ്രകടിപ്പിക്കുക യേശുദാസിന്റെ ഹിറ്റുകളായ സന്യാസിനീ നിന് പുണ്യാശ്രമത്തില്‍, അകലെ അകലെ നീലാകാശം… എന്നീ പാട്ടുകള്‍. ഈ രണ്ടുപാട്ടുകളും വേദികളില്‍ ഏറ്റവും കൂടുതല്‍ പാടി ആസ്വാദകരുടെ മനംകുളിര്‍പ്പിച്ച ഗായകനും ഒരുപക്ഷേ, സതീഷ് ബാബുവായിരിക്കും 1971-ല്‍ വൈ.എം.സി.എ. ഹാളില്‍ നടന്ന ഒരു വിവാഹച്ചടങ്ങില്‍ പാടിക്കൊണ്ടാണ് തുടക്കം. ‘വെള്ളിക്കുട കീഴെ അല്ലിക്കുട കീഴെ’ എന്ന പാട്ട് ആലപിച്ചപ്പോള്‍ ആസ്വാദകരുടെ വന്‍ പ്രോത്സാഹനം. 79-തിലാണ് സിനിമയില്‍ പാടാന്‍ അവസരം വരുന്നത്. സന്നാഹം എന്ന ചിത്രത്തില്‍ ഒ.എന്‍.വി. രചിച്ച് കണ്ണൂര്‍ രാജന് സംഗീതം പകര്‍ന്ന ‘ആ മലയില്‍ ഈ മലയില്‍ പറന്നിറങ്ങി ആയിരം മേഘങ്ങള്‍’ എന്ന പാട്ടാണ് സതീഷിന്റെ ആദ്യ സിനിമാഗാനം. കോഴിക്കോട് ആറാംഗേറ്റിനടുത്ത കോഴിപ്പറമ്പത്ത് വീട്ടിലായിരുന്നു ചെറുപ്പകാലം. ഇതിനിടയില്‍ തളി സദ്ഗുരു സംഗീതസഭയിലും പൂക്കാട് സുകുമാരന്‍ ഭാഗവതര്‍, ആര്. ദേവകി ടീച്ചര്‍ എന്നിവരുടെയടുത്തും അല്പകാലം സംഗീതപഠനം. അമലാപുരി പള്ളിയിലെ ചടങ്ങുകളിലും ഗാനങ്ങളാലപിക്കാന്‍ ക്ഷണം.
സൈക്കിളില്‍ വന്ന് അധികമാരോടും സംസാരിക്കാതെ പാട്ടുപാടി മടങ്ങുന്ന ഈ യുവാവിനോട് ഇതിനിടയിലൊരു പെണ്‍കുട്ടിക്ക് പ്രണയം. ലതയെന്ന ഈ പെണ്‍കുട്ടിയാണ് പിന്നീട് സതീഷിന്റെ ജീവിതസഖിയായത്. ഗായിക കൂടിയായ ലത, സതീഷുമൊത്ത് മൂന്നുവേദികളില്‍ പാടിയിട്ടുണ്ട്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഒടിയന്, മകള്‍ തുടങ്ങി പന്ത്രണ്ടുസിനിമകളിലും പ്രമുഖ കമ്പനികളുടെ പരസ്യ ചിത്രങ്ങളിലും ലത അഭിനയിച്ചിട്ടുണ്ട്.
സതീഷ് ബാബുവിന്റെ രണ്ടാം വരവ് 2000 ത്തില്‍ മില്ലേനിയും ഓഡിയോസ് എന്ന കമ്പനി പുറത്തിറക്കിയ സിന്ദൂരത്തിലകം എന്ന കാസ്സറ്റില്‍ ലൈവ് പടികൊണ്ടായിരുന്നു അതു ചരിത്രത്തിന്റെ ഭാഗമായി കാസറ്റും സി ഡി യും നിന്നു പോയെങ്കിലും സതീശേട്ടന്റെ ആ പാട്ടുകള്‍ ഇന്നും യൂടൂബിലൂടെ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ആസ്വദിക്കുന്നത്, ചാനലുകളിലെ സംഗീത പരിപാടികളില്‍ നിറഞ്ഞുനില്ക്കുന്ന കൊച്ചു പട തന്നെയുണ്ട് സതീഷ് ബാബുവിന് ശിഷ്യരായി. ശ്രേയാ ജയദീപ്, മെറിന് ഗ്രിഗറി, എസ്.കെ. കീര്‍ത്തന, ഹനൂന, കൃഷ്ണശ്രീ, മിയ എന്നിവരാണിവര്‍. ബിലാത്തികുളം കെ.പി. കേശവമേനോന് നഗര്‍ ഹൗസിങ് കോളനിയിലെ സതീഷിന്റെ വസതി പാട്ടുപഠിക്കുന്നവരാല് സംഗീത സാന്ദ്രമാണിന്ന്. അഭിമാനിക്കുന്നു ഈ ലാളിത്വം തുളുമ്പുന്ന മനുഷ്യനെ ഓര്‍ത്ത്. FC