ആണ് സിംഹമെന്ന് അറിയപ്പെട്ട നടന് ക്യാപ്റ്റന്‍ വിജയകാന്ത് വിടവാങ്ങി.. മരണം ആശുപത്രിയില്‍.. ഷൂട്ടിങ്ങുകളെല്ലാം നിര്‍ത്തി…
ഒരുപാട് വിളിപ്പേരുകളുണ്ട് എന്നാല്‍ കരുത്തിന്റെ പര്യായമായതുകൊണ്ടു തമിഴ് ആരാധകര്‍ ആണ്സിംഹമെന്നായിരുന്നു നടന് വിജയകാന്തിനെ വിളിച്ചിരുന്നത്.. പാവപ്പെട്ടവന്റെ പടത്തലവനായും നിറഞ്ഞു നിന്ന അദ്ദേഹം വിടവാങ്ങി.. തമിഴ് നാട്ടിലെ ശക്തിസ്വരൂപങ്ങളായ ജയലളിതയേയും കരുണാനിധിയെയും വെല്ലുവിളിക്കാന്‍ ഒരുമടിയും കാണിക്കാതിരുന്നതോടെ വിജയകാന്ത് തമിഴര്‍ക്ക് ആണ് സിംഹമായി.. തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് അന്തരിച്ചു 71 വയസ്സായിരുന്നു.
ചെന്നൈയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. അസുഖബാധിതനായി കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കുറച്ചുവര്‍ഷമായി അഭിനയത്തിലും പാര്‍ട്ടിയിലും സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്.
ആക്ഷന്‍ ഹീറോയായിരുന്നു വിജയകാന്ത് എന്ന അവരുടെ പ്രിയപ്പെട്ട ക്യാപ്റ്റന്‍. 1980 കളിലാണ് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകര്‍ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തോടെയാണ് ക്യാപ്റ്റനെന്ന് ആരാധകര്‍ അദ്ദേഹത്തെ വിളിച്ചുതുടങ്ങിയത്.
1952 ആഗസ്റ്റ് 25ന് തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകര്‍സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ചുരുക്കം നടന്മാരിലൊരാളായിരുന്നു വിജയകാന്ത്. പുരട്ചി കലൈഞ്ജര്‍ എന്നായിരുന്നു ആരാധകര്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. എം.എ. കാജാ സംവിധാനം ചെയ്ത് 1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം. നടന് വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്തതില്‍ അധികവും.
നൂറാവത് നാള്, വൈദേഹി കാത്തിരുന്താള്‍, ഊമൈ വിഴിഗള്‍, പുലന്‍ വിസാരണൈ, സത്രിയന്‍, കൂലിക്കാരന്, വീരന് വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കള്‍ അണ്ണ, ഗജേന്ദ്ര, ധര്‍മപുരി, രമണ തുടങ്ങി 154 ചിത്രങ്ങളില്‍ അഭിനയിച്ചു. 2010ല്‍ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാനവേഷത്തില്‍ അവസാനമായി എത്തിയ ചിത്രവും ഇതുതന്നെയാണ്. 2015ല്‍ മകന് ഷണ്മുഖ പാണ്ഡ്യന് നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലുമെത്തിയിരുന്നു.
1994ല്‍ എം.ജി.ആര് പുരസ്കാരം, 2001ല്‍ കലൈമാമണി പുരസ്കാരം, ബെസ്റ്റ് ഇന്ത്യന്‍ സിറ്റിസെന്‍ പുരസ്കാരം, 2009ല്‍ ടോപ്പ് 10 ലെജന്‍ഡ്സ് ഓഫ് തമിഴ് സിനിമാ പുരസ്കാരം, 2011ല്‍ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി. 1990 ലായിരുന്നു വിജയകാന്ത് പ്രേമലതയെ വിവാഹം ചെയ്യുന്നത്. ഷണ്മുഖ പാണ്ഡ്യന്, വിജയ് പ്രഭാകര്‍ അളകര്‍സാമി എന്നിവര്‍ മക്കളാണ്. ആദരാഞ്ജലികളോടെ. FC